അടച്ചിട്ട വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇനി പാക്കിസ്ഥാനിലൂടെ പറക്കാം

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നു കൊടുത്ത് പാക്കിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്കാണ് നീക്കിയത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെ തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാണ്.പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണമാണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം സ്വന്തം വ്യോമാതിര്‍ത്തി ഇന്ത്യയും അടച്ചിരുന്നെങ്കിലും എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ വിലക്ക് നീട്ടിക്കൊണ്ടു പോകുകയായിരുന്നു പാക്കിസ്ഥാന്‍. തുടര്‍ച്ചയായ അഞ്ച് തവണയും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിക്കൊണ്ടു പോയിരുന്നു.അതിര്‍ത്തിലെ വ്യോമസേനാ ബേസുകളില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ വ്യോമപാത തുറക്കുകയുള്ളൂ എന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. എന്നാല്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നോട്ടാം(നോട്ടീസ് ടു എയര്‍മെന്‍) പുറത്തിറക്കി. 
പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. അതേസമയം സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി. സ്വന്തം വ്യോമാതിര്‍ത്തി അടച്ച പാക്കിസ്ഥാനു 688 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍