കോപ്പ: ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മെസിക്ക് വിലക്ക് ഭീഷണി

സാവോ പോളോ: കോപ്പ അമേരിക്കയില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ നടപടിക്ക് സാധ്യത. മെസിക്കെതിരെ നടപടി വേണമെന്ന് ഫിഫ അംഗങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രണ്ട് വര്‍ഷം വരെ മെസിയെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സൂചനകളോ സ്ഥിരീകരണങ്ങളോ ഒന്നും വന്നിട്ടില്ല.കോപ്പ സെമിയില്‍ മഞ്ഞക്കാര്‍ഡ് നല്‍കി മുന്നറിയിപ്പു നല്‍കേണ്ട പിഴവിനു തനിക്കെതിരെ നേരിട്ടു ചുവപ്പുകാര്‍ഡ് കാട്ടിയത് അനീതിയാണെന്ന് മെസി പറഞ്ഞിരുന്നു. അര്‍ഹിച്ച ഫൈനല്‍ പോരാട്ടത്തില്‍നിന്നു അര്‍ജന്റീനയെ തടഞ്ഞത് റഫറിമാരാണെന്നും തങ്ങള്‍ അര്‍ഹിച്ച വിജയങ്ങള്‍ കരുതിക്കൂട്ടിയുള്ള റഫറിയിംഗിലൂടെ തട്ടിയെടുക്കപ്പെട്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് മെസി ഉന്നയിച്ചത്. ടൂര്‍ണമെന്റിലെ അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മെഡല്‍ വാങ്ങേണ്ടെന്നു തീരുമാനിച്ചതെന്നും മെസി പറഞ്ഞിരുന്നു.ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളാകും എന്നതില്‍ തര്‍ക്കമില്ലെന്നും എല്ലാം അവര്‍ക്കു വേണ്ടി നേരത്തെ തയാറാക്കി വച്ചിട്ടുണ്ടെന്നും തുറന്നടിച്ച മെസി പെറു പോരാടിയേക്കാം എന്നാല്‍ ബ്രസീലേ ജയിക്കൂ എന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഈ വിമര്‍ശനങ്ങളും ആരോപണങ്ങളും മെസിക്ക് വിനയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍