അനുനയനീക്കം പാളി; വിമതര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തില്ല

ബംഗളൂരു: ഭരണപ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നു. രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ശ്രമത്തിനിടെ വിമതര്‍ ഗോവയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ശിവകുമാര്‍ മുംബയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബയിലെ ഹോട്ടലില്‍ നിന്ന് പുനെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കമെന്നാണ് സൂചന. എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി. വിമതരായി നില്‍ക്കുന്ന 13 പേരുടെ നിലപാടുകളാണ് ഇനി നിര്‍ണായകം. മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി ഒഴികെ സഖ്യസര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പ്രതിസന്ധി പരിഹരിക്കാനായി രാജിവച്ചു. ചൊവ്വാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒന്‍പതും ഉള്‍പ്പെടെ മുപ്പതു പേരാണ് ഇന്നലെ മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും ഇന്നലെയുമായി ആകെ 16 എം.എല്‍.എമാര്‍ രാജിവച്ച കര്‍ണാടകത്തില്‍ ഇന്ന് സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. ബി.ജെ.പിക്ക് നിലവില്‍ 107 അംഗങ്ങളുടെ പിന്‍ബലമുണ്ടെന്ന് ഇന്നലെ രാത്രി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കര്‍ണാടകത്തില്‍ താമര ഭരണത്തിലേക്കാണ് വഴികള്‍ നീളുന്നത്. ഇപ്പോഴത്തെ നിലയില്‍ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ. അതേസമയം, ശനിയാഴ്ച രാജിക്കത്തു നല്‍കിയ 13 എം.എല്‍.എമാരും മുംബയില്‍ ബാന്ദ്ര കുര്‍ള കോംപ്‌ളക്‌സിലെ സോഫിടെല്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കൂടുതല്‍ എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോര്‍ട്ടിലേക്കു മാറ്റി. അതിനിടെ, ഭരണപക്ഷത്തു നിന്ന് ഇന്നലെ മൂന്ന് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കോണ്‍ഗ്രസിലെ റോഷന്‍ബെയ്ഗ്, സര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രന്‍ എ എച്ച്. നാഗേഷ്, കെ.പി.ജെ.പി (കര്‍ണാടക പ്രജ്ഞാവന്ത് ജനതാ പാര്‍ട്ടി) അംഗം ആര്‍. ശങ്കര്‍ എന്നിവരാണ് ഇന്നലെ രാജിവച്ചത്. മൂവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാഗേഷ് വൈകിട്ടുതന്നെ മുംബയ്ക്കു പോയിരുന്നു. വിമതപക്ഷം മുംബയിലെയും, ജെ.ഡി.എസില്‍ ബാക്കിയുള്ളവര്‍ ദേവനഹള്ളിയിലെയും റിസോര്‍ട്ടുകളില്‍ തന്ത്രങ്ങള്‍ ശക്തമാക്കിയതോടെ ആറു മാസംമുമ്ബ് കര്‍ണാടകത്തില്‍ അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍