നാല്പതാം വയസ്സില്‍ ബോക്‌സിംഗ് കിരീടം സ്വന്തമാക്കി പാക്വിയാവോ

ലാസ് വെഗാസ്: മാനി പാക്വിയാവോ എന്ന ഇടിവെട്ട് ഇടിക്കാരനുമുന്നില്‍ പ്രായം ഒരു എതിരാളിയേയല്ല. നാല്‍പ്പതാം വയസില്‍ വാര്‍ട്ടര്‍വെയ്റ്റ് ബോക്‌സിംഗ് കിരീടം സ്വന്തമാക്കി ഈ ഫിലിപ്പീന്‍സുകാരന്‍ ചരിത്രം കുറിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ബോക്‌സര്‍ എന്ന റിക്കാര്‍ഡില്‍ പാക്വിയാവോ തുടരും. ഡബ്ല്യുബിഎ (വേള്‍ഡ് ബോക്‌സിംഗ് അസോസിയേഷന്‍) ചാമ്പ്യനായ അമേരിക്കയുടെ കെയ്ത് തര്‍മാനെ ഇടിച്ചിട്ടാണ് ഫിലിപ്പീന്‍സ് താരം കീരിടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് മാനി പാക്വിയാവോയെ വിജയിയായി പ്രഖ്യാപിച്ചത്. പരാജയം അറിയാതെ എത്തിയ മുപ്പതുകാരനായ മുന്‍ ചാമ്പ്യന്‍ തര്‍മാനെ 12 റൗണ്ട് പോരാട്ടത്തില്‍ മാനി കീഴടക്കി. ആദ്യ റൗണ്ട് ഇടിയില്‍ത്തന്നെ അമേരിക്കന്‍ താരത്തെ രക്തത്തില്‍ കുളിപ്പിച്ച മാനിക്ക് രണ്ട് വിധികര്‍ത്താക്കള്‍ 115-112ന്റെ ലീഡ് നല്കി. മൂന്നാമത്തെ ജഡ്ജ് 114-113ന് തര്‍മാനെ അനുകൂലിച്ചു. ആദ്യ റൗണ്ടില്‍ പിന്നിലായെങ്കിലും തര്‍മാന്‍ ശക്തമായ പോരാട്ടത്തിലൂടെ ലീഡ് കുറച്ചു.എതിരാളി ശക്തനും മികച്ച പോരാളിയായ ബോക്‌സറുമായിരുന്നെന്നും മത്സരം ആസ്വദിച്ചെന്നും വിജയത്തിനുശേഷം മാനി പാക്വിയാവോ പറഞ്ഞു. ഈ ജയത്തിലൂടെ 137.72 കോടി രൂപയാണ് ഫിലിപ്പീന്‍സ് താരത്തിനു പ്രതിഫലമായി ലഭിക്കുക. ആദ്യ റൗണ്ടില്‍ നോക്ക്ഡൗണ്‍ ലഭിച്ചതാണ് പാക്വിയാവോയ്ക്ക് ഗുണമായതെന്ന് മത്സരശേഷം തര്‍മാന്‍ പ്രതികരിച്ചു. പാക് മാന്‍ എന്ന ഓമനപ്പേരുകാരനായ മാനി, ജനുവരിയില്‍ അഡ്രിയാന്‍ ബ്രോണറെ കീഴടക്കി കിരീടം സ്വന്തമാക്കിയിരുന്നു. ഇരുപത്തൊമ്പതുകാരനായ ബ്രോണറെ 117-111, 116-112, 116-112നായിരുന്നു കീഴടക്കിയത്. നാല്‍പ്പതുവയസ് തികഞ്ഞശേഷം ഫിലിപ്പീന്‍സ് താരം ബോക്‌സിംഗ് റിംഗില്‍ എത്തിയ ആദ്യ മത്സരമായിരുന്നു അത്. 2015ല്‍ തന്നെ തോല്‍പ്പിച്ച ഫ്‌ളോയിഡ് മെയ്‌വെതറെ മത്സരശേഷം പാക്വിയാവോ അന്ന് വെല്ലുവിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. 2020ല്‍ വീണ്ടും മത്സരിക്കാന്‍ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പക്വിയാവോ തര്‍മാനെതിരായ മത്സരശേഷം റിംഗ് വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍