ചൈനീസ് ഭീഷണി നേരിടാന്‍ മോദി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, നാവിക സേനയിലേക്കെത്തുന്നത് നിരവധി അത്യാധുനിക യുദ്ധക്കപ്പലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യവും സമുദ്ര സുരക്ഷ യും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാവികസേന യ്ക്കും കോസ്റ്റ് ഗാര്‍ഡിനുമായി പുതിയ യുദ്ധക്കപ്പലുകള്‍ വാങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 6 മിസൈല്‍ വാഹിനി യുദ്ധകപ്പലുകളും 8 അതിവേഗ നിരീക്ഷണയാനങ്ങളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഏതാണ്ട് ഒന്നരലക്ഷത്തോളം കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കപ്പലുകളുടെ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ രാജ്യത്തെ ഏഴ് കപ്പല്‍ നിര്‍മാണ ശാലകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, റിലയന്‍സ് എന്നിവയ്ക്ക് പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മസഗോള്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ്, ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ്, ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവരോടാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമുദ്രസുരക്ഷാ രംഗത്ത് അയല്‍ക്കാരായ ചൈനയില്‍ നിന്നുയരുന്ന ഭീഷണി മറികടക്കുന്നതിന് മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 250 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കപ്പലുകളും മറ്റും വാങ്ങുന്നത്. തങ്ങളുടെ ഓയില്‍ ടാങ്കറുകള്‍ക്ക് സുരക്ഷ ഒരുക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്തിടെ ചൈന തങ്ങളുടെ യുദ്ധക്കപ്പലുകളെ വിന്യസിച്ചത് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. നാവികസേനയോടും കോസ്റ്റ് ഗാര്‍ഡിനോടും ആലോചിച്ച ശേഷമേ മിസൈല്‍ വാഹിനി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ വിവിധ കപ്പല്‍ നിര്‍മാതാക്കള്‍ സമര്‍പ്പിക്കുകയുള്ളൂവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 
കപ്പല്‍ നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാരിന് കീഴിലുള്ള ആദ്യ പ്രതിരോധ കരാറെന്ന നിലയില്‍ 4.5ലക്ഷം കോടി രൂപ ചെലവിട്ട് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. നിലവില്‍ 140 യുദ്ധക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്. 2027ഓടെ ഇത് ഇരുന്നൂറിലെത്തിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ കോസ്റ്റ് ഗാര്‍ഡിന് 35 കപ്പലുകളാണുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് ഇരുന്നൂറിലെത്തിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍