നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ അറസ്റ്റില്‍ നെടുങ്കണ്ടം:

പീരുമേട് സബ്ജയിലില്‍ കസ്തൂരിഭവനില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐയായിരുന്ന കെ.എ. സാബു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചാണ് ഇന്നു രാവിലെ ഇവരുവരെയും അറസ്റ്റു ചെയ്തത്. കസ്റ്റഡി മര്‍ദ്ദനത്തിനാണ് അറസ്റ്റ്. അറസ്റ്റിനു പിന്നാലെ എസ്‌ഐ സാബു കുഴഞ്ഞുവീണു.ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ രാജ്കുമാര്‍ മരിച്ചത്. രാജ്കുമാറിന് മര്‍ദമേറ്റിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകള്‍ കാണപ്പെട്ടിരുന്നു. കാല്‍വെള്ള തകര്‍ന്ന നിലയിലായിരുന്നു. ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍ പൊട്ടിയിരുന്നു. രണ്ടു കാലുകളുടെയും തുടയിലെ പേശികള്‍ വിട്ടുമാറിയിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ എസ്‌ഐ കെ.എ. സാബു, എഎസ്‌ഐ സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജീവ് ആന്റണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തതിരുന്നു. നെടുങ്കണ്ടം എച്ച്എസ്ഒ റെജി എം. കുന്നിപ്പറന്പില്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍