നിയന്ത്രണരേഖയില്‍ പാക് വെടിനിര്‍ത്തല്‍ ലംഘനം; സൈനികനു പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. കുപ്വാരയിലുണ്ടായ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് താഴ്‌വയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന കനത്ത കാവല്‍ ഏര്‍പ്പെടുത്തി. വന്‍ സൈനിക സന്നാഹത്തെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ശ്രീനഗറിലെ ചില മേഖലകളിലേക്കു പ്രവേശനം നിരോധിച്ചു. തെക്കന്‍ കശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ വിലക്കി. ശ്രീനഗറില്‍ ഇന്റര്‍നെറ്റ് സേവനം 2ജിയിലേക്കു ചുരുക്കി.2016 ജൂലൈ എട്ടിനാണ് അനനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. ഇതേതുടര്‍ന്ന് സംഘര്‍ഷഭരിതമായ താഴ്‌വരയില്‍ ഇതേവരെ വെടിയൊച്ച നിലച്ചിട്ടില്ല. സുരക്ഷാസേനയും നാട്ടുകാരും തമ്മില്‍ താഴ്‌വരയില്‍ സംഘര്‍ഷം പതിവാണ്. ഇത്തരത്തിലുണ്ടായ സംഘര്‍ഷത്തില്‍ 98 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടെന്നൊണു കണക്ക്. സുരക്ഷാസേന പെല്ലറ്റ് പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 4000 പ്രദേശവാസികള്‍ക്കു ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെട്ടെന്നും കണക്കുകള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍