എയര്‍ ഇന്ത്യക്ക് എന്നും ബാധ്യതകള്‍ മാത്രം; കടം 58,000 കോടി രൂപ

നെടുമ്പാശേരി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ നഷ്ടത്തില്‍നിന്നു കരകയറ്റാനുള്ള പദ്ധതികള്‍ വീണ്ടും പാളുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ 8000 കോടി രൂപ നഷ്ടം സംഭവിച്ചതോടെ എയര്‍ ഇന്ത്യയുടെ മൊത്തം ബാധ്യത 58,000 കോടി രൂപ കവിഞ്ഞു. 
201718 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യക്ക് 23,000 കോടി രൂപയാണ് വരുമാനം ഉണ്ടായിരുന്നത്. ചെലവ് 27,000 കോടിയും. 201819 സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനം നേടിയെങ്കിലും ചെലവ് 29,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെയാണ് ആകെ നഷ്ടം 58,000 കവിഞ്ഞത്. 
നിലവിലുള്ള ബാധ്യതകള്‍ക്കു പലിശയിനത്തില്‍ ഓരോ വര്‍ഷവും വന്‍ തുക നല്‍കേണ്ടി വരുന്നതാണ് കടക്കെണിയില്‍നിന്നു കരകയറാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. 
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റ് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച കടുത്ത നിബന്ധനകള്‍ മൂലം ഇതു വിജയം കണ്ടില്ല. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ നിബന്ധനകള്‍ പരമാവധി ലഘൂകരിച്ച് എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിക്കും.
ഏതാനും മാസം മുന്‍പു തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ആയിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു മൂലം നടപടികള്‍ നീട്ടിവയ്ക്കുകയായിരുന്നു. 
ചെലവ് കുറഞ്ഞ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമുള്ള അലയന്‍സ് എയര്‍, രാജ്യത്തെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡലിംഗ് ജോലികള്‍ക്കായി രൂപീകരിച്ച എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സുകള്‍ക്കുള്ള എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസസ്, ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് എന്നീ ഉപകമ്പനികളും എയര്‍ ഇന്ത്യക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒഴിവാക്കിയാണ് ഓഹരി വില്പന തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും മാറ്റംവരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ആഭ്യന്തര, രാജ്യാന്തര മേഖലകളിലായി പ്രതിദിനം ശരാശരി 375ല്‍പ്പരം സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നടത്തി വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍