ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍; ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് ഏകദേശം 34,280 കോടി രൂപ (5 ബില്യണ്‍ ഡോളര്‍ പിഴ) ചുമത്താന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലും വാഷിംഗ്ടണ്‍ പോസ്റ്റുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.എഫ്ടിസി നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ 32 വോട്ടോടെയാണ് തീരുമാനം എടുത്തത്. തീരുമാനത്തെ റിപ്പബ്ലിക്കന്‍മാര്‍ അനുകൂലിക്കുകയും ഡെമോക്രാറ്റുകള്‍ എതിര്‍ക്കുകയും ചെയ്തു. പിഴ ചുമത്താന്‍ നീതിന്യായ വകുപ്പ് അന്തിമ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.ഫേസ്ബുക്കും എഫ്ടിസിയും വാര്‍ത്തയെകുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അമേരിക്കയിലെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് 50 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയെ തുടര്‍ന്ന് 2018ലാണ് അമേരിക്കന്‍ സ്വതന്ത്ര ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയെ മികച്ച രീതിയില്‍ പരിരക്ഷിക്കുമെന്ന് 2012ല്‍ തന്നെ ഫെയ്‌സ്ബുക് എഫ്ടിസിക്ക് ഉറപ്പു നല്‍കിയിരുന്നു. അത് ലംഘിക്കപ്പെട്ടോയെന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്.5 ബില്യണ്‍ ഡോളര്‍ പിഴ എന്നത് ഒരു ടെക്‌നോളജി കമ്പനിക്കെതിരെ എഫ്ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴയും, സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്പനിക്കെതിരേ ചുമത്തുന്ന ഏറ്റവും വലിയ പിഴയുമാണ്. കരാറിന്റെ ഭാഗമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന രീതികള്‍ ഫേസ്ബുക്ക് പരിശോധിക്കും. എന്നാല്‍ തേര്‍ഡ് പാര്‍ട്ടികളുമായി വിവരങ്ങള്‍ പങ്കിടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.അതേസമയം, ഈ നടപടികളൊന്നും പര്യാപ്തമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 2019ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 15 ബില്യണ്‍ ഡോളറിലധികം വരുമാനം നേടിയ ഫേസ്ബുക്കിനെ സംബന്ധിച്ച് 5 ബില്യണ്‍ ഡോളര്‍ പിഴ എന്നത് അത്രവലിയ തുകയേ അല്ല. വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയരുകയാണുണ്ടായത്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍