പത്രക്കടലാസിനു 10 ശതമാനം ചുങ്കം: പ്രതിഷേധവുമായി ഐഎന്‍എസ്

 ന്യൂഡല്‍ഹി: പത്രക്കടലാസിനു 10 ശതമാനം ചുങ്കം ചുമത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്). കേന്ദ്ര ധനമന്ത്രി പൊതുബജറ്റില്‍ പ്രഖ്യാപിച്ച ഈ നികുതി നിര്‍ദേശം പിന്‍വലിക്കണമെന്നും ഐഎന്‍എസ് സെക്രട്ടറി ജനറല്‍ മേരി പോള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ന്യൂസ്പ്രിന്റിന്റെ വിലക്കൂടുതലില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലുള്ള രാജ്യത്തെ ഭൂരിപക്ഷം ചെറുകിട, ഇടത്തരം ദിനപത്രങ്ങളെ അടച്ചുപൂട്ടുന്ന അവസ്ഥയിലാക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മേരി പോള്‍ ആവശ്യപ്പെട്ടു. പത്രക്കടലാസിനു പുറമെ പത്രങ്ങള്‍ ഉപയോഗിക്കുന്ന കോട്ടിംഗ് ഇല്ലാത്ത പേപ്പറിനും മാസികകളും വാരികകളും അച്ചടിക്കുന്ന കനംകുറഞ്ഞ കോട്ടു ചെയ്ത പേപ്പറിനും (ലൈറ്റ്‌വെയ്റ്റ് കോട്ടഡ് പേപ്പര്‍) പത്തു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ബജറ്റിലെ നിര്‍ദേശം. ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് അഞ്ചു ശതമാനം ഇറക്കുമതി ചുങ്കവും ചുമത്തിയിട്ടുണ്ട്. രാജ്യത്താകെ പത്ര സ്ഥാപനങ്ങളും അച്ചടി വ്യവസായവും കടുത്ത പ്രതിസന്ധിയിലായിരിക്കെയാണു കനത്ത ഭാരമാകുന്ന പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പുസ്തക പ്രസാധനത്തെയും അച്ചടിശാലകളെയും സഹായിക്കാനാണു ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ പത്രങ്ങള്‍ അച്ചടിക്കുന്ന ന്യൂസ്പ്രിന്റിന് ഇതിന്റെ ഇരട്ടി ചുങ്കം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് മന്ത്രി ന്യായീകരണമോ, വിശദീകരണമോ പോലും നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നീക്കം സ്വതന്ത്ര പത്രപ്രവര്‍ത്തനം പരോക്ഷമായി തടയുന്നതിനുള്ള നീക്കമാണെന്ന ആരോപണവും കടുത്ത പ്രതിഷേധവും രാജ്യവ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍