കുട്ടികളുടെ സുരക്ഷയില്‍ അതീവജാഗ്രത പുലര്‍ത്തണം: ബാലാവകാശ കമ്മീഷന്‍

ആലുവ: കുട്ടികളുടെ സുരക്ഷയിലും സംരക്ഷണകാര്യത്തിലും പൊതുസമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തില്‍ എസ്ഒഎസ് ദിനാഘോഷവും ഡോ. ഹെര്‍മന്‍ മെയ്‌നറുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ശിശു പീഡന പരാതികള്‍ വളരെയേറെ വര്‍ധിക്കുന്ന ഇക്കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശസംരക്ഷണം മുന്‍ഗണനാ വിഷയമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എറണാകുളം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന അധ്യക്ഷത വഹിച്ചു.
എസ്ഒഎസ് ഗ്രാമങ്ങളില്‍ വളര്‍ന്ന് സ്വയംപര്യാപ്തരായ യുവജനങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ട്രാക്കിംഗ് ദി ഫുട് പ്രിന്റ്‌സ് രാജഗിരി ബിസ്‌നസ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി പ്രകാശനം ചെയ്തു. 
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ എം.പി. ആന്റണി, എറണാകുളം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ ഡോ. രഘുത്തമന്‍, എസ്ഒഎസ് സോണല്‍ ഡയറക്ടര്‍ ടൈറ്റസ് പൂവക്കുളം, എടത്തല ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ. റഫീഖ് എന്നിവര്‍ പ്രസംഗിച്ചു. 
കഴിഞ്ഞവര്‍ഷം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്‍. ജഗദീഷ്‌കുമാര്‍ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍