ഏകീകൃത സിവില്‍ കോഡ്: ചര്‍ച്ചകള്‍ തുടരുമെന്ന് രവിശങ്കര്‍ പ്രസാദ് , മുത്തലാഖ് ബില്‍ വീണ്ടും അവതരിപ്പിക്കും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് നിയമ മന്ത്രാലയം നിയോഗിച്ച സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് അത്യാവശ്യമല്ലെന്നും അഭിലഷണീയമല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 
എന്നാല്‍, വ്യക്തിനിയമങ്ങളില്‍പെട്ട വിവാഹം, വിവാഹമോചനം, ജീവനാംശം നല്‍കല്‍, സ്ത്രീയുടെയും പുരുഷന്റെയും വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, കഴിഞ്ഞതവണ പാസാക്കാന്‍ സാധിക്കാതിരുന്ന മുത്തലാഖ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞതവണ ബില്‍ പാസാകാതിരുന്നത്. 
പ്രസ്തുത ബില്‍ പ്രകാരം മുത്തലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റാരോപിതന് കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം നേടാന്‍ സാധിക്കു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍