ആദ്യ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ജനങ്ങളില്‍നിന്ന് അകന്നു വളരെ ഉയരത്തിലാണ് കോണ്‍ഗ്രസും നേതാക്കളുമെന്നും ഇനി ഉയരങ്ങളിലേക്കു പോകട്ടെയെന്നാണ് ആശംസിക്കുന്നതെന്നും മോദി പരിഹസിച്ചു.
ലോക്‌സഭയില്‍ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനുമെതിരേ സോണിയയെയും രാഹുലിനെയും മുന്നിലിരുത്തി മോദി വിമര്‍ശിച്ചത്. ഒരു കുടുംബത്തില്‍ ഉള്ളവരെ മാത്രമാണു കോണ്‍ഗ്രസ് അംഗീകരിക്കുക. 
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന സര്‍ക്കാര്‍ എപ്പോഴെങ്കിലും അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ടോയെന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്. അവര്‍ നരസിംഹ റാവുവിന്റെ നല്ല കാര്യങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും പ്രസംഗിച്ചിട്ടുണ്ടോ. ലോക്‌സഭയിലെ ഇത്തവണത്തെ നന്ദിപ്രമേയ ചര്‍ച്ചയിലെ പ്രസംഗങ്ങളില്‍ ഇതേ ആള്‍ക്കാര്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ചു പറഞ്ഞില്ല. കുടുംബത്തിനു പുറത്തുള്ള ആരെയും അവര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പ്രണാബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത് ബിജെപി സര്‍ക്കാരാണ്. ചരിത്രനേതാക്കളെ പോലും മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് മോദി കടന്നാക്രമിച്ചു.രാഷ്ട്രപുരോഗതിക്കു ചില പേരുകള്‍ മാത്രമാണു സംഭാവന ചെയ്തതെന്നാണു ചിലരുടെ ചിന്ത. അത്തരം ചില പേരുകള്‍ മാത്രം കേള്‍ക്കാനും മറ്റുള്ളവരെ അവഗണിക്കാനുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ വ്യത്യസ്ഥമായാണു ചിന്തിക്കുന്നത്. ഓരോ പൗരനും ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചുവെന്നാണു ഞങ്ങള്‍ക്കു തോന്നുന്നത് പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍