വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് വിപുലമായ ഒരുക്കം

നിലമ്പൂര്‍: വയനാട് മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഏഴിന് നിലമ്പൂരിലെത്തും. വയനാട് മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് ഏഴ്, എട്ട് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും രാഹുല്‍ നേരിട്ടെത്തി വോട്ടര്‍മാരെ കാണുന്നത്. ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനു വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവിലാണ് ആദ്യറോഡ് ഷോ. വണ്ടൂരില്‍നിന്നാരംഭിക്കുന്ന റോഡ് ഷോ കാളികാവ് ടൗണ്‍ ചുറ്റി പുല്ലങ്കോട് റോഡില്‍ സമാപിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് തുടങ്ങിയവര്‍ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കും. വൈകുന്നേരം നാലിനു നിലമ്പൂര്‍ മണ്ഡലത്തിലെ റോഡ് ഷോ ചന്തക്കുന്നില്‍നിന്നാരംഭിച്ചു ചെട്ടിയങ്ങാടി യുപി സ്‌കൂള്‍ പരിസരത്ത് സമാപിക്കും.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും പങ്കെടുക്കും. അഞ്ചിന് ഏറനാട് മണ്ഡലത്തിലെ റോഡ് ഷോ കുണ്ടുതോട് നിന്നാരംഭിച്ച് എടവണ്ണ ടൗണിലും പീന്നീട് അരീക്കോട് ടൗണിലുമെത്തും. പി.കെ. ബഷീര്‍ എംഎല്‍എ രണ്ടു റോഡ് ഷോയിലും പങ്കെടുക്കും. തിരുവമ്പാടി മണ്ഡലത്തിലെ റോഡ് ഷോ മുക്കം ടൗണിലാണ്. റോഡ് ഷോകളില്‍ ഘടകകക്ഷികളുടെ നേതാക്കളും ഒപ്പമുണ്ടാകും. രണ്ടാംദിനമായ എട്ടിനു വയനാട് മണ്ഡലത്തിലെ റോഡ് ഷോകള്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ നടക്കും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പുകളിലാണ് കെപിസിസിയും യുഡിഎഫ് ഘടകകക്ഷികളും. റോഡ് ഷോയിലൂടെ കൂടുതല്‍ ജനങ്ങള്‍ക്കു രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം ഒരുങ്ങും. വയനാട് മണ്ഡലം 4,30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത്. കല്‍പ്പറ്റ, മുക്കം, എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സ്വന്തം ഓഫീസുകള്‍ തുറക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍