രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തണം: വി.എം. സുധീരന്‍

 കൊഴുവനാല്‍: പാര്‍ലമെന്റിന്റെയും നിയമസഭയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. അഡ്വ. ടി.വി. ഏബ്രഹാം അനുസ്മരണ സമ്മേളനം കൊഴുവനാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലും നിയമസഭയിലും സഭാസ്തംഭനം പതിവാകുകയാണ്. ജനാധിപത്യത്തിന്റെ വിജയത്തിന് സുഗമമായ സഭാപ്രവര്‍ത്തനം അനിവാര്യമാണ്. ജനപ്രതിനിധികളാണ് ജനാധിപത്യത്തിന്റെ വിജയത്തിന് അടിസ്ഥാനം. എത്രകാലം അധികാരത്തില്‍ ഉണ്ടായിരുന്നുവെന്നതല്ല എന്തു ചെയ്തുവെന്നതാണ് പ്രധാനം. ആക്ഷേപങ്ങളില്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.വി. ഏബ്രഹാമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, രാഷ്ട്രീയ നേതാക്കളായ പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ടോമി കല്ലാനി, പി.സി. ജോസഫ്, അഡ്വ. ജോയി ഏബ്രഹാം, കൊഴുവനാല്‍ പള്ളി വികാരി ഫാ. തോമസ് ഓലിക്കല്‍, പി.കെ. ചിത്രഭാനു, എം.എം. സ്‌കറിയ, ഫ്രാന്‍സിസ് തോമസ്, കൊച്ചുത്രേസ്യാ ഏബ്രഹാം, ഷിബു തെക്കേമറ്റം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ജീവകാരുണ്യ ഫണ്ടും വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍