അണക്കെട്ടുകളില്‍ ജല നിരപ്പ് താഴുന്നു

മഴ പ്രതീക്ഷിച്ച അളവില്‍ ഇല്ല

തിരുവനന്തപുരം:മഴയിലെ ഗണ്യമായ കുറവ് അണക്കെട്ടുകളിലെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12ശതമാനം ജലം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.ഇടുക്കി അണക്കെട്ടില്‍ 12ശതമാനം മാത്രം വെള്ളമാണ് നിലവില്‍.
അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞതും ആശങ്ക ഉയര്‍ത്തുന്നു.വൈദ്യുതി ബോര്‍ഡിന്റെ മേജര്‍ ഡാമുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഈ വര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതാണു കാരണം. ഇടുക്കി, പമ്പ, ഷോളയാര്‍, ഇടമലയര്‍ അടക്കം ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളില്‍ ആകെ സംഭരണശേഷിയുടെ കൂടി 12 ശതമാനം ജലമേയുള്ളൂ. വൈദ്യുതി ബോര്‍ഡിലെ മൊത്തം ഡാമുകളിലും കൂടി 11 ശതമാനം ജലവിതാനമാണുള്ളത്. അതായത് 469 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1713.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം അണക്കെട്ടുകളില്‍ ഉണ്ടായിരുന്നു.390 ദശലക്ഷം യൂണിറ്റ് വൈദ്യുതിയ്ക്കുള്ള വെള്ളം സംഭരിക്കുന്നതുവരെ പ്രതിദിന ജലവൈദ്യുതോല്‍പാദനം 12 ദശലക്ഷം യൂണിറ്റായി ക്രമപ്പെടുത്തുന്നതിനാണ് വൈദ്യുതി ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍