ചില ഇന്ത്യന്‍ അവസ്ഥാ വിശേഷങ്ങള്‍

-ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തട്ടിക്കൂട്ടപ്പെട്ട ഒരു രാഷ്ട്രീയ സംഖ്യമായിരുന്നു യുപിയില്‍ ഒന്നിച്ച് മത്സരരംഗത്തുണ്ടായിരുന്ന സമാജ് വാദി-ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളുടെ കൂറുമുന്നണി. ദശകങ്ങളോളം പരസ്പരം ശത്രുക്കളായിരുന്ന ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തത്ക്കാലം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ബിജെപിക്കും മോദിക്കുമെതിരെ ഇപ്പോള്‍ നേടിക്കളയാം എന്ന ഭാവത്തില്‍ മത്സരിക്കുകയായിരുന്നു.ഇതേ ലക്ഷ്യത്തില്‍ രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സിനെ അവര്‍ ഗൗനിച്ചുമില്ല.കോണ്‍ഗ്രസ്സ് നേതാക്കളും മസിലുപിടിച്ചു നിന്നു.അടിസ്ഥാന പരമായ രാഷ്ട്രീയ ബോധവും പ്രാഥമികമായ രാഷ്ട്രീയ ജ്ഞാനവുമുള്ള ആര്‍ക്കും അന്ന് വ്യക്തമായിരുന്നു ഈ മുന്നണിയും കോണ്‍ഗ്ഗസ്സും വെവ്വേറെ മത്സരിച്ചാല്‍ യുപിയില്‍ ക്ലച്ച് പിടിക്കില്ല എന്ന്.അവസാനം സംഭവിച്ചത് ഈ മുന്നണിയും അതോടൊപ്പം കോണ്‍ഗ്രസ്സും സംസ്ഥാനത്ത് തറ പറ്റുകയും ബിജെപി മുന്‍ കാലങ്ങളിലേക്കാള്‍ ശക്തമായി തിരിച്ചു വരികയും ചെയ്തു എന്നതാണ്.ശക്തമായ ത്രികോണമത്സരം വന്നാല്‍ ബിജെപിക്കാവും ഗുണം എന്ന് രാഷ്ട്രീയ ചാണക്യന്‍മാരായ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊന്നും അന്ന് പിടികിട്ടിയില്ല.ചിലപ്പോള്‍ പിടി കിട്ടിയിട്ടും തങ്ങളുടെ ശക്തി അത്രക്കുണ്ട് എന്ന ഒരു മിഥ്യാ ധാരണയില്‍ അഭിരമിച്ചതാവണം അവര്‍.
ഏതായാവും ബിഎസ്പിക്ക് ജയിക്കാന്‍ കഴിഞ്ഞത് കേവലം പത്ത് സീറ്റുകളിലും എസ്പിക്ക് അഞ്ചു സീറ്റുകളിലും മാത്രം.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതാ ആ കൂറുമുന്നണി പൊളിഞ്ഞിരിക്കുകയാണ്.മായാവതിയും അഖിലേഷ് യാദവും തമ്മില്‍ വീണ്ടും അകന്നു കഴിഞ്ഞു.പിന്നെ കോണ്‍ഗ്രസ്സിന്റെ കഥ പറയാതെ അറിയാമല്ലോ.ആ പാര്‍ട്ടിയുടെ പ്രസിഡണ്ട് തന്നെ ഇനി ഞാനില്ലേ രാമനാരായണ എന്ന് പറഞ്ഞ് സ്ഥാന ത്യാഗം പ്രഖ്യാപിച്ചിരിക്കുകയുമാണല്ലോ.ഇതെല്ലാം കണ്ട് ഉള്ളാലെ ചിരിക്കുന്നത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും തന്നെ.രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും ജനപ്രതിനിധികളടക്കമുള്ള പല പ്രമുഖരും ബിജെപിയിലേക്ക് ചേക്കേറി തുടങ്ങുകയും ചെയ്തിരിക്കുന്നു.എന്തിനേറെ പറയുന്നു നമ്മുടെ കേരളത്തില്‍ നിന്നുമിതാ രാഷ്ട്രീയ ഭിക്ഷാംദേഹിയായ മുന്‍ എം.പി അബ്ദുള്ളക്കുട്ടി വരെ ക്യൂ നില്‍ക്കുന്നു ബിജെപിയില്‍ ചേരാന്‍. അല്ലെങ്കില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയം ഈയിടെയായി അങ്ങിനെയാണല്ലോ.
2014 ലേതില്‍ നിന്നും ഭിന്നമായി വര്‍ദ്ധിച്ച അംഗബലത്തോടെ ലോക്‌സഭ പിടിച്ചടക്കിയ ബിജെപിയാണെങ്കില്‍ ഇപ്പോള്‍ അവര്‍ക്ക് ഭരണമില്ലാത്ത പല സംസ്ഥാനങ്ങളിലും അംഗങ്ങളുടെ കൂറുമാറ്റത്തോടെയാണെങ്കില്‍ അങ്ങിനെ തന്നെ അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്.അവര്‍ക്കും അധികാരത്തിന്റേയും അംഗബലത്തിന്റെയും മത്ത് പിടിച്ചിരിക്കുന്നു.അതേ സമയം പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലുമൊക്കെ ഇനി മുന്നോട്ട് വിശാലമനസ്‌ക്കതയാണെന്ന ഭാവവും കാണിക്കുന്നു.തന്റെ പാര്‍ട്ടിയെ എതിര്‍ക്കുന്നവരെയും രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയുമൊക്കെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് കൂടി സ്വീകാര്യവും ക്ഷേമകരവുമായ ഭരണ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.അതേ സമയം വടക്കേ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പരിവാരക്കൂട്ടത്തിലെ ചിലരോ അവരുടെ പിണിയാളുകളോ നടത്തുന്ന പശുവിന്റെയും ജയ് വിളികളുടെയും പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും മറ്റക്രമങ്ങളും നിര്‍ബാധം നടക്കുന്നു.ഏറ്റവും ഒടുവിലായി അത് പടര്‍ന്ന് പടര്‍ന്ന് വടക്കന്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വരെ എത്തി നില്‍ക്കുന്നു.ബഹുസ്വരസമൂഹങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഈ മതേതര രാജ്യത്തെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലിമെന്റില്‍ വരെ അനവസരത്തില്‍ ജയ്ശ്രീറാം വിളികളും അതിന്റെ പ്രതികരണം എന്നോണം തക്ബീര്‍ ധ്വനികളും മുഴങ്ങുന്നു.
ഇവയൊക്കെത്തന്നെ ഏറ്റവും ഒടുവിലെ ഇന്ത്യന്‍ രാഷ്ട്രീയ വിശേഷങ്ങള്‍.ഇതൊക്ക എവിടെ ചെന്നെത്തുമെന്നാര്‍ക്കറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍