ബ്രിട്ടനുമായി വാണിജ്യ കരാറുണ്ടാക്കാം: ട്രംപ്

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനുമായി വന്‍ വാണിജ്യകരാറുണ്ടാക്കാന്‍ അമേരിക്ക തയാറാണെന്നു പ്രസിഡന്റ് ട്രംപ്. ത്രിദിന ബ്രിട്ടീഷ് പര്യടനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രെക്‌സിറ്റ് ബ്രിട്ടനു നല്ലതാണെന്നും അതു സംഭവിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് മേയുമൊത്ത് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ഥിച്ചെങ്കിലും താന്‍ നിരസിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ലണ്ടനില്‍ അരങ്ങേറിയ ട്രംപ് വിരുദ്ധ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, വ്യാജവാര്‍ത്തയെന്നായിരുന്നു പ്രതികരണം. പ്രകടനത്തില്‍ കോര്‍ബിനും പങ്കെടുത്തു. യുഎസുമായി വാണിജ്യകരാറുണ്ടാക്കുന്നതുവരെ അധികാരത്തില്‍ തുടരാന്‍ നേരത്തേ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നടന്ന ബിസിനസ് മീറ്റിംഗില്‍ ട്രംപ് മേയോട് ആവശ്യപ്പെട്ടു. വാക്കു പാലിക്കണമെന്നു നിര്‍ബന്ധമുള്ളതിനാല്‍ ട്രംപിന്റെ ഉപദേശം അനുസരിക്കാന്‍ നിര്‍വാഹമില്ലെന്നു മേ പറഞ്ഞു. വെള്ളിയാഴ്ച നേതൃപദവി ഒഴിയുമെന്നു നേരത്തേ മേ പ്രഖ്യാപിച്ചിരുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍