രാജിയില്‍ ഉറച്ച് രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരില്ലെന്ന് ഉറപ്പിച്ച് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണു താന്‍ രാജി വയ്ക്കുകയാണെന്ന് രാഹുല്‍ ആദ്യം അറിയിച്ചത്. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എതിര്‍ത്തെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ, കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവാകണം എന്ന ആവശ്യവും രഹുല്‍ തള്ളി. പിന്നീട് അധീര്‍ രഞ്ജന്‍ ചൗധരിയെ ആ ചുമതല ഏല്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പേര് താന്‍ നിര്‍ദേശിച്ചു എന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ ആ പദവിയില്‍ ഒരാളെ നിയമിക്കാന്‍ താന്‍ ആരെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ആരായിരിക്കണം പാര്‍ട്ടി പ്രസിഡന്റ് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതു പാര്‍ട്ടിയാണ്, അല്ലാതെ താനല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. പാര്‍ട്ടി സംവിധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ഉണ്ടാകേണ്ടതുണ്ടെന്നു ഇന്നലെ പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ താന്‍ ഇടപെടുന്നേ ഇല്ല. അതു കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുടര്‍ച്ചയായ രണ്ടാംവട്ട പരാജയത്തിന് പിന്നാലെ ഇത്തവണയും ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം ഉറപ്പായിട്ടില്ല. 52 അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടി എംപിമാരായി പാര്‍ലമെന്റിലെത്തിയത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ഉത്തരവാദിത്തം നിറവേറ്റാതെ മക്കളുടെ തെരഞ്ഞെടുപ്പു വിജയത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ചു എന്നു തുറന്നടിച്ചിട്ടാണ് രാഹുല്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍