'സുഷമ സ്വരാജ് ഇന്ത്യയുടെ യശസുയര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു': വി. മുരളീധരന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വിദേശകാര്യ വകുപ്പിന്റെ പ്രവര്‍ത്തനമാണെന്നും, ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയുടെ സ്ഥാനം അത് ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അങ്ങേയറ്റം ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച സുഷമ സ്വരാജിന്റെ കീഴിലുണ്ടായിരുന്ന വകുപ്പിന്റെ പ്രവര്‍ത്തനം അതുപോലെ തുടര്‍ന്ന് കൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും അദ്ദേഹത്തിനോട് പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു. ദുബായില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ താന്‍ ആരംഭിച്ചതായും മുരളീധരന്‍ പറഞ്ഞു. പരിക്കേറ്റവരുടെ വിവരങ്ങള്‍ അറിയിക്കാനായി ദുബായില്‍ കണ്ട്രോള്‍ റൂം തുറന്നു. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും വേണ്ട നടപടികള്‍ വിദേശകാര്യ വകുപ്പ് സ്വീകരിക്കും. മൃതദേഹത്തിന്റെ തൂക്കം നോക്കി ഇതിന്റെ ഇതിനുള്ള കൂലി ഈടാക്കുന്ന സംവിധാനവും അവസാനിപ്പിക്കും. ഇതിന് പരിഹാരം നിശ്ചയിക്കാനും വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നിപ രോഗബാധയെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപയുടെ കാര്യത്തില്‍ ആശങ്കപ്പെണ്ട ഒരു സ്ഥിതിവിശേഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിപ ബാധിച്ചവരുടെയും അവരുമായി ഇടപെട്ടവരെയും കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശം ഉണ്ട്. നിപ പടര്‍ന്നുപിടിക്കാന്‍ സാധ്യതയില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍