കൊച്ചി-മംഗളൂരു ഗ്യാസ് പൈപ്പ്‌ലൈന്‍ കമ്മിഷനിംഗ് ഉടന്‍

ഇടപ്പള്ളി: ഒട്ടേറെ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലൂടെ ഇഴഞ്ഞുനീങ്ങിയ കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഒടുവില്‍ കമ്മിഷനിംഗിന് ഒരുങ്ങി. ആദ്യപടിയായി കൊച്ചിയില്‍ നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) കടത്തിവിട്ടു. 96 കിലോമീറ്റര്‍ പിന്നിട്ട് തൃശൂര്‍, പാലക്കാട് അതിര്‍ത്തി വരെയെത്തി പ്രകൃതിവാതകം. കൂറ്റനാട് മുതല്‍ മംഗളൂരുവരെ 350 കിലോമീറ്ററോളം വരുന്ന രണ്ടാമത്തെയും അവസാനത്തെയും ഘട്ടം ജൂലായ് അവസാനമോ ആഗസ്റ്റ് ആദ്യവാരമോ കമ്മിഷന്‍ ചെയ്യാനാകുമെന്ന് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയില്‍) കണ്‍സ്ട്രക്ഷന്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു പറഞ്ഞു. നാലു ശതമാനം പണി മാത്രമാണ് അവശേഷിക്കുന്നത്. കുറ്റ്യാടി, ഏര്‍വാഴഞ്ഞി, ചാലിയാര്‍, ചന്ദ്രഗിരി, നേത്രാവതി പുഴകളിലൂടെയുള്ള പൈപ്പിന്റെ അവസാനവട്ട പണികളാണിത്. കൂറ്റനാടുവരെ വാതകം വരുന്നുണ്ടെങ്കിലും തൃശൂര്‍, പാലക്കാട് പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കില്ല. സിറ്റി ഗ്യാസ് പദ്ധതി ഇവിടങ്ങളില്‍ നടക്കാത്തതാണ് കാരണം. പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതി പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ഗുണകരമാകും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ ഇന്ധനലാഭവും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പൈപ്പ് ലൈനിലൂടെ പാചകവാതകവും ലഭിക്കും. വീടുകളിലേക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന സിറ്റി ഗ്യാസ് പദ്ധതി നിലവില്‍ കൊച്ചിയില്‍ മാത്രമേ നാമമാത്രമായെങ്കിലും ആരംഭിക്കാനായിട്ടുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍