തിരുവനന്തപുരത്ത് രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: വെള്ളക്കെട്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതിയാണ് കേസെടുത്തത്. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ കക്ഷികളാക്കിയ കേസ് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി (65), ക്ഷേത്ര പരികര്‍മ്മി പേട്ട പുള്ളി ലെയ്ന്‍ തൃപ്തിയില്‍ രാധാകൃഷ്ണന്‍ ആചാരി (70) എന്നിവരാണ് മരിച്ചത്.പേട്ട പുള്ളി ലെയിനില്‍ നിന്ന് ചാക്ക സ്‌കൂളിന് സമീപത്തേക്കുള്ള ഇടവഴിയിലാണ് വൈദ്യുത കമ്പി പൊട്ടിവീണത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നില്‍ക്കുന്നത് പതിവാണ്. ത്രീഫേസ് ലൈനില്‍ ഒരെണ്ണമാണ് പൊട്ടിവീണത്. പുലര്‍ച്ചെ 5.30 ന് വീട്ടുജോലിക്ക് പോകുകയായിരുന്ന പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്.നാട്ടുകാരിലൊരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഉടന്‍തന്നെ കെ.എസ്.ഇ.ബിയ്ക്ക് ഈ വിവരം കൈമാറി. അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും അതുവഴി വന്ന പേട്ട മുരുകന്‍ കോവിലിലെ പരികര്‍മ്മിയായ രാധാകൃഷ്ണനും ഷോക്കേറ്റ് വീണിരുന്നു. മരിച്ച പ്രസന്നകുമാരിയുടെയും രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങള്‍ക്ക് കെ.എസ്.ഇ.ബി.10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍