അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് അനസ് വിരമിച്ചത്.ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. എന്നാല്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത സാഹചര്യത്തില്‍ ആഷിഖ് കുരുണിയന്‍ ക്യാംപില്‍ പങ്കെടുക്കുമോ എന്നതില്‍ ഉറപ്പില്ല.അഹമ്മദാബാദില്‍ ജൂലൈ ഏഴ് മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജനുവരിയിലാണ് അനസ് എടത്തൊടിക ഇന്ത്യയുടെ നീലക്കുപ്പായത്തിലെ കളി മതിയാക്കിയത്. എ.എഫ്.സി ഏഷ്യന്‍ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് അനസ് കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ 25നാണ് ഇന്ത്യന്‍ ക്യാമ്പ് ആരംഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍