ചൈനീസ് 'ദൃശ്യം' ; അധ്യാപകനെ മൈതാനത്തിനടിയില്‍ കൊന്ന് കുഴിച്ചുമൂടി

ഹുനാന്‍: ചൈനയില്‍നിന്നൊരു ദൃശ്യം മോഡല്‍ കൊലപാതകം. 16 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂളിലെ മൈതാനത്തിനടിയില്‍നിന്നും അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഹുനാന്‍ പ്രവിശ്യയിലെ ഹുവായിഹുവയിലാണ് സംഭവം. സിന്‍ഹുവാംഗ് മിഡില്‍ സ്‌കൂള്‍ അധ്യാപകനായ ഡെംഗ് ഷിപിംഗ് (53) ആണ് കൊല്ലപ്പെട്ടത്. മൈതാന നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് ഡെംഗിനെ പ്രിന്‍സിപ്പലിന്റെ ബന്ധുവായ കരാറുകാരന്‍ കൊലപ്പെടുത്തിയത്. 2003 ജനുവരിയിലാണ് ഡെംഗിനെ കാണാതായത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ബന്ധുവും കരാറുകാരനുമായ ഡു ഷവോപിം ഗിന്റെ ഓഫീസിലാണ് ഡെംഗിനെ അവസാനമായി കണ്ടത്. ഇക്കാര്യം ഡെംഗിന്റെ മകന്‍ ഡെംഗ് ലാന്‍ബിംഗ് പോലീസില്‍ അറിയിച്ചിരുന്നു. മൈതാന നിര്‍മാണത്തില്‍ പ്രിന്‍സിപ്പല്‍ ഹുവാംഗ് ബിംഗ്‌സോംഗും മരുമകനും കരാറുകാരനുമായ ഡുവും ചേര്‍ന്ന് ക്രമക്കേട് നടത്തുന്നതായി ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് ഡെംഗ് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെംഗിനെ കാണാ താവുന്നത്. മൈതാനത്തിന്റെ നിര്‍മാണത്തിന്റെ ബജറ്റ് എട്ട് ലക്ഷത്തില്‍നിന്നും 14 ലക്ഷമായി പ്രിന്‍സിപ്പല്‍ ബിംഗ്‌സോംഗ് ഉയര്‍ത്തി. ഇത് അംഗീകരിക്കാന്‍ കഴിയാതിരുന്ന ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ കൂടിയായ ഡെംഗ് കരാറില്‍ ഒപ്പിടാന്‍ കൂട്ടാക്കി യില്ല. ഇതോടെ ഡെംഗിനെ കൊലപ്പെടുത്തുകയായിരുന്നു. ബന്ധു ക്കളുടെ പരാതിയില്‍ പോലീസ് ആദ്യം ശരിയായ അന്വേഷണം നടത്തിയില്ല. എന്നാല്‍ ഡെംഗിന്റെ മകന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം അവസാനം ഫലം കണ്ടു. പുനരന്വേഷണത്തില്‍ പോലീസ് ചോദ്യം ചെയ്യലില്‍ ഡു ഷവോപിംഗ് കുറ്റം സമ്മതിച്ചു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൈതാനത്തിലെ സിന്തറ്റിക് ട്രാക് പൊളിച്ച് പരിശോധിച്ച പോലീസ് മണ്ണിനടിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അവസാനം കുടുംബത്തിനു നീതി ലഭിച്ചെന്ന് ഡെംഗ് ലാന്‍ബിംഗ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍