കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ സാമൂഹിക ബോധവത്കരണം

കാസര്‍ഗോഡ്: സമൂഹത്തെ നയിക്കേണ്ട നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ സ്വന്തം കുടുംബത്തില്‍ നിന്നുപോലും അതിക്രമങ്ങള്‍ നേരിടുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകളെ തടയാനും ശിശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനുമായി സാമൂഹ്യ ബോധവത്കരണ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. കരുതല്‍ സ്പര്‍ശം എന്നു പേരിട്ട ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി. ശ്യാമളാദേവി നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ലോക രക്ഷാകര്‍തൃ ദിനമായ ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 14 വരെ ബൃഹത്തായ സാമൂഹിക ബോധവത്കരണ പരിപാടി നടത്തുന്നത്. കൂട്ടു കുടുംബ വ്യവസ്ഥയില്‍ പരമ്പരാഗതമായി ശീലിച്ചു വന്ന രക്ഷാകര്‍തൃത്വ പ്രക്രിയകള്‍ ഇന്നത്തെ അണുകുടുംബ സാഹചര്യത്തില്‍ പുതിയതലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പി.പി. ശ്യാമളാ ദേവി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ന് പതിനഞ്ചോളം നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തിനുള്ള പാഠങ്ങളാണ് സമൂഹം പഠിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീനാ ഭരതന്‍ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍