ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സംയോജിപ്പിക്കുന്നില്ല:സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഒറ്റ കാമ്പസാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ അതാതിടങ്ങളില്‍ തുടര്‍ന്നും പഠിപ്പിക്കും. ഭരണപരമായ സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന അദ്ധ്യാപക സംഘടനകളക്കം മൂന്ന് വര്‍ഷം മുമ്പ് തനിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഓഫീസ് സംവിധാനമടക്കം കൊണ്ടുവരുന്നത്. അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരുമാണ് ഓഫീസ് ജോലികള്‍ ഇതുവരെ ചെയ്തിരുന്നത്. ഇത് അദ്ധ്യാപനത്തെ ബാധിച്ചിരുന്നു. ഓഫീസ് സംവിധാനം വരുന്നതോടെ ഇവര്‍ക്ക് അദ്ധ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാവും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കും. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പുസ്തകം മൂന്ന് ഭാഗങ്ങളായി വിതരണം ചെയ്യും. ചെറിയനോട്ട്ബുക്കുകള്‍ ഉപയോഗിക്കും. അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കും. മിനിമംവേതനം ഉറപ്പുവരുത്തുന്നതിന് ബില്‍ കൊണ്ടുവരും.
ഈ അദ്ധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.63 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി എത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 35,683 ആണ്‍കുട്ടികളും 29,532 പെണ്‍കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 52,475 ആണ്‍കുട്ടികളും 45,868 പെണ്‍കുട്ടികളും എത്തിയെന്ന് മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍