സംസ്ഥാനത്തെ ആദ്യത്തെ 'ഹൈടെക്' റേഷന്‍കട ഉളിയത്തടുക്കയില്‍ വരുമാനവും 'ഹൈടെക്'

കാസര്‍കോട്: കേരളത്തിലെ ആദ്യത്തെ 'ഹൈടെക്' റേഷന്‍ കട കാണണമെങ്കില്‍ മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയിലേക്ക് വരണം. റേഷന്‍ കട ഹൈടെക് ആയപ്പോള്‍ വരുമാനവും ഹൈടെക് ആയി. സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികളുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കമ്മീഷനായി ലഭിക്കുന്നത് ഉളിയത്തടുക്ക റേഷന്‍ കട ഉടമ കെ. നമിതയ്ക്കാണ്.
750 കാര്‍ഡുടമകളുമായി 2009 ല്‍ ആരംഭിച്ച എ.ആര്‍.ഡി 192 നമ്ബര്‍ റേഷന്‍ കട പത്തുവര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഹൈടെക് ആക്കിയത്. റേഷന്‍ അരിയും ഗോതമ്പും മറ്റും വാങ്ങുന്നതിന് ആളുകള്‍ പോകാന്‍ മടിക്കുമ്പോഴും ഈ കടയില്‍ ആളൊഴിഞ്ഞ നേരമില്ല. മാസംതോറും 2000 കാര്‍ഡുടമകള്‍ക്കായി 350 ക്വിന്റല്‍ സാധനം ഇവിടെ നിന്ന് ഗുണഭോക്താക്കള്‍ക്ക് വില്പന നടത്തുന്നുണ്ട്. 
ഇതു സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതലാണ്. കഴിഞ്ഞ നാലു മാസമായി 60000 രൂപ കമ്മീഷന്‍ വരുമാനം നേടാന്‍ കഴിഞ്ഞു എന്നതാണ് സവിശേഷത.
ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി ഉളിയത്തടുക്ക ചൗക്കി റോഡരികില്‍ ഉളിയത്തടുക്ക ടൗണില്‍നിന്നും 200 മീറ്റര്‍ മാറി പുതിയ വാടക കെട്ടിടത്തിലേക്ക് കട മാറ്റിയത് അടുത്തകാലത്താണ്. മെച്ചപ്പെട്ട സേവനം ആയതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 500 ഓളം ആളുകള്‍ സ്ഥിരമായി റേഷന്‍ വാങ്ങിക്കാന്‍ എത്തുന്നു. കടയില്‍ എത്തുന്നവര്‍ക്ക് ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കെ നമിതയുടെ പേരിലാണ് കട. 
നടത്തിപ്പുകാരനായ മന്നിപ്പാടി സന്ധ്യാലയത്തിലെ കെ. ഉമേഷ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് പതിനായിരം രൂപ വീതം ശമ്പളവും നല്‍കുന്നു. റേഷന്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായവും ഇ പോസ് മെഷീനും വന്നതോടെ വിദൂരസ്ഥലത്തുനിന്നും ആളുകള്‍ ഇവിടെയെത്തുന്നു. തിരക്ക് കൂടുമ്പോള്‍ സമയം നോക്കാതെ എല്ലാവര്‍ക്കും സാധനം കൊടുക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
സിവില്‍ സപ്ലൈസ് വകുപ്പ് വാതില്‍പടി സേവനം ആരംഭിച്ചതോടെ ഭക്ഷ്യധാന്യങ്ങളുടെ അളവിലും തൂക്കത്തിലുമുണ്ടായിരുന്ന പരാതി ഇല്ലാതായി. ഇ പോസ് സംവിധാനം ആരംഭിച്ചതോടെ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കാനും സാധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍