ഇന്ത്യയിലെ വിദേശ നിക്ഷേപം വര്‍ധിച്ചെന്നു യുഎന്‍ റിപ്പോര്‍ട്ട്

മുംബൈ: 2017-18 കാലഘട്ടത്തില്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം ആറു ശതമാനം വര്‍ധിച്ച് 4,200 കോടി യുഎസ്‌ഡോളറായതായി ഐക്യരാഷ്ട്രസഭയുടെ(യുഎന്‍) റിപ്പോര്‍ട്ട്. നിര്‍മാണം, വാര്‍ത്താവിനിമയം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപം കൂടുതല്‍ എത്തിയതെന്നും വിദേശനിക്ഷേപം സ്വീകരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കെന്നും യുഎന്നിന്റെ വേള്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് 2019 റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ കോമേഴ്‌സ് രംഗത്തെയും ടെലികോം രംഗത്തെയും വിശാല സാധ്യതകളാണ് ഇന്ത്യക്കു നേട്ടമാകുന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ട് , അമേരിക്കന്‍ റീട്ടെയ്ല്‍ വമ്പന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതടക്കമുള്ള വന്‍ ഏറ്റെടുക്കലുകളും ഇന്ത്യക്കു നേട്ടമുണ്ടാക്കി. അതേസമയം, അടുത്തിടെ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവിടേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. തദ്ദേശീയ റീട്ടെയ്ല്‍ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വിദേശ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങള്‍കൊണ്ടുവന്നിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവുമധികം വിദേശ നിക്ഷേപം ഏഷ്യന്‍ മേഖലയിലാണ്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുണ്ടായ വിദേശ നിക്ഷേപത്തിന്റെ 39 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ് എത്തിയത്. 2017ല്‍ ഇത് 33 ശതമാനമായിരുന്നു. ദക്ഷിണേഷ്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലും വര്‍ധനയുണ്ട്. 2017നെ അപേക്ഷിച്ച് 3.5 ശതമാനമാണ് ദക്ഷിണേഷ്യയിലേക്കുള്ള വിദേശനിക്ഷേപത്തിലെ വര്‍ധന. ലോകമെമ്പാടുമുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഭൂരിഭാഗവും ഏഷ്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെയുള്ള 5,400 പ്രത്യേക സാമ്പത്തിക മേഖലകളില്‍ 4,000 എണ്ണമാണ് ഏഷ്യയിലുള്ളത്. ചൈനയ്ക്കാണു പ്രത്യേക സാമ്പത്തിക മേഖലകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം (2500). രണ്ടാം സ്ഥാനം ഫിലിപ്പീന്‍സിനാണ്. ഇന്ത്യയില്‍ 373 പ്രത്യേക സാമ്പത്തിക മേഖലകളാണുള്ളത്. ഈ രാജ്യങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍