രാജമൗലി ചിത്രത്തില്‍ സായ് പല്ലവി

രാജമൗലിയുടെ പുതിയ ചിത്രത്തില്‍ സായ് പല്ലവിയും. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടി ആറിന്റെ നായികയായിട്ടാണ് സായ് പല്ലവി അഭിനയിക്കുന്നതെന്നാണ് വിവരം. ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്ഗറിനെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. താരം പിന്‍മാറിയതോടെയാണ് സായ് പല്ലവിക്ക് നറുക്ക് വീണത്. പ്രേമത്തിലെ മലര്‍ മിസ് ആയി പ്രേക്ഷക മനസില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ശെല്‍വരാഘവന്‍സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്‍ജികെയില്‍ സൂര്യയുടെ നായികമാരിലൊരാളാണ് സായ്. നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടന്നുവരുന്ന എന്‍ജികെയിലെ സായ് പല്ലവിയുടെ അഭിനയത്തെക്കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയും സായ് പല്ലവിയും തമ്മിലുള്ള കോമ്പിനേഷന്‍ സൂപ്പറാണെന്നാണ് ആരാധകര്‍ പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി സിനിമയ്ക്ക് നിരവധി റീടേക്കുകള്‍ വേണ്ടിവന്നപ്പോള്‍ അഭിനയം നിര്‍ത്തിയാലോ എന്നു വരെ താനാലോചിച്ചിരുന്നുവെന്ന് സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു. സൂര്യക്കൊപ്പമുള്ള താരത്തിന്റെ വരവിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയായാണ് താരത്തെ തേടി രാജമൗലി ചിത്രം എത്തിയിരിക്കുന്നത്. ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലുള്ള സായ് പല്ലവിയില്‍ രാജമൗലി നല്‍കുന്ന കഥാപാത്രവും ഭദ്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 400 കോടി മുതല്‍ മുടക്കിലാണ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്. ജൂനിയര്‍ എന്‍ടി ആറിനെക്കൂടാതെ രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍