മഴ: ഇരുചക്രവാഹനക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

കോഴിക്കോട്: മഴക്കാലത്ത് ഇരുചക്രവാഹയാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിന്റെ നിര്‍ദേശം. മോട്ടോര്‍വാഹന നിയമത്തിലെ 129ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ചിന്‍ സ്ട്രാപ്പിട്ട് ധരിക്കേണ്ടതാണ്.റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക.കേരളത്തില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെടുന്നത് ഇടതു വശത്തു കൂടി മറികടക്കുമ്പോഴാണ്.അതിനാല്‍ വലതുവശത്തുകൂടി മാത്രം ഓവര്‍ടേക്ക് ചെയ്യുക.ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്തു വണ്ടി ഓടിക്കരുത്.വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിര്‍ത്തുന്നതിനോ അല്പം മുമ്പു തന്നെ സിഗ്നല്‍ കൊടുക്കണം.മറ്റു വാഹനങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പാക്കി മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക. മറ്റു വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം. വലത്തേക്ക് തിരിയുമ്പോഴും, യു ടേണ്‍ ചെയ്യുമ്പോഴും വളരെയധികം അപകടസാധ്യത ഉണ്ട്. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ ദൂരം പാലിക്കുക. വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന വ്യക്തിയുമായി കൈകാലുകള്‍ നിവര്‍ത്തിയുള്ള സംസാരത്തില്‍ ഏര്‍പ്പെടാതിരിക്കുക, കൈകാലുകള്‍ നിവര്‍ത്തുന്നത് സിഗ്‌നല്‍ ആയി കണക്കാക്കാന്‍ സാധ്യത ഉണ്ട്. യാതൊരു കാരണവശാലും പിന്നിലെ യാത്രികന്‍ കൈകൊണ്ടു സിഗ്‌നല്‍ കാണിക്കാന്‍ പാടുള്ളതല്ല. വളവുകളിലും ജംഗ്ഷനുകളിലും റോഡിന്റെ മുന്‍ഭാഗം കാണാത്ത സ്ഥലങ്ങളിലും വച്ച് മറ്റു വാഹനങ്ങളെ മറികടക്കരുത്.മറ്റു വാഹനങ്ങള്‍ മറികടക്കുമ്പോള്‍ നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറച്ച് സൗകര്യം ഉണ്ടാക്കണം. മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീടു വലത്തോട്ടും നോക്കി മെയിന്‍ റോഡിലെ വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക. അപ്രതീക്ഷിതമായ അപകട സാധ്യതപോലും മുന്‍കൂട്ടികണ്ടു പ്രതിരോധാധിഷ്ടിധമായി വേണം വാഹനം ഓടിക്കുവാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍