ഓണ്‍ലൈന്‍ പണം കൈമാറ്റം: ചാര്‍ജ് ഈടാക്കേണ്ടെന്നു റിസര്‍വ് ബാങ്ക്

മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റത്തിനും (ആര്‍ടിജിഎസ്) നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫറിനും (എന്‍ഇഎഫ് ടി) ഈടാക്കിയിരുന്ന ചാര്‍ജുകള്‍ ഒഴിവാക്കുകയാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ അവരുടെ ഇടപാടുകാരില്‍നിന്നു സ്വീകരിക്കുന്ന ചാര്‍ജുകളിലും കുറവ് വരുത്തണമെന്നും ഇതു സംബന്ധിച്ച നിര്‍ദേശം ഒരാഴ്ചയ്ക്കുള്ളില്‍ ബാങ്കുകള്‍ക്കു നല്‍കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. രണ്ടു ലക്ഷം വരെയുള്ള തുകയുടെ വിനിമയത്തിനാണ് എന്‍ഇഎഫ് ടി. രണ്ടു ലക്ഷത്തില്‍ കൂടിയ തുകയുടെ വിനിമയമാണ് ആര്‍ടിജിഎസിലൂടെ നടത്താറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എന്‍ഇഎഫ് ടി ഇടപാടുകള്‍ക്ക് ഒരു രൂപ മുതല്‍ അഞ്ചു രൂപവരെയും ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അഞ്ചുരൂപ മുതല്‍ 50 രൂപവരെയുമാണ് ചാര്‍ജ് ഈടാക്കുന്നത്. എടിഎം മെഷീന്‍ ഉപയോഗത്തിനു ചാര്‍ജ് ഈടാക്കുന്ന നടപടി പരിശോധിക്കാന്‍ കമ്മിറ്റിയെയും റിസര്‍വ് ബാങ്ക് നിയോഗിച്ചു. 'രാജ്യത്ത് എടിഎം ഉപയോഗം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍, ഇതോടൊപ്പംതന്നെ എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഈ വിഷയം പഠിക്കാനും ആവശ്യമായ റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ സിഇഒ ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിക്കുകയാണ്'' റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിയോടു നിര്‍ദേശിച്ചിരിക്കുന്നത്. കമ്മിറ്റിയുടെ കാലാവധിയും ഘടനയും ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍