വിസ തട്ടിപ്പ്; റിക്രൂട്ട്‌മെന്റ് കര്‍ശനമാക്കാന്‍ നോര്‍ക്ക

ന്യൂഡല്‍ഹി:വിസാ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഔദ്യോഗിക ഏജന്‍സികള്‍ മുഖേനയുള്ള റിക്രൂട്ട്‌മെന്റ് കര്‍ശനമാക്കാന്‍ നോര്‍ക്ക നടപടി ആരംഭിച്ചു. വിസാ തട്ടിപ്പു സംഘങ്ങളുടെ ചതിയില്‍പെട്ട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് പരാതികളാണ് സര്‍ക്കാറിന്‌വിദേശകാര്യ വകുപ്പിന്റെ ഇമൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകള്‍ മുഖേനയും പ്രചാരണം ശക്തമാക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ട് ഉടമകളായ ഉദ്യോഗാര്‍ഥികള്‍ അനധികൃത ഏജന്റുകളാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചാണിത്.അനധികൃത റിക്രൂട്ടിംഗ് ഏജന്റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നും നോര്‍ക്ക ആവശ്യപ്പെടുന്നു.അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകളെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇ.സി.ആര്‍ പാസ്‌പോര്‍ട്ട് ഉടമകളാണ് വഞ്ചിക്കപ്പെടുന്നവരില്‍ ഏറെയും. ഗള്‍ഫ് ഉള്‍പ്പെടെ 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്നവര്‍ക്ക് ഇമൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖേനയുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. ഇതു മറികടക്കാനാണ് വ്യാജ ഏജന്റുമാര്‍ സന്ദര്‍ശക വിസ നല്‍കി ഇവരെ കബളിപ്പിക്കുന്നത്.ഇനി സന്ദര്‍ശക വിസ മാറ്റി കിട്ടിയാല്‍ തന്നെ തൊഴില്‍ കരാര്‍ ഇമൈഗ്രറ്റ് സംവിധാനത്തിലൂടെ നടപ്പാകാതെ വരും. അങ്ങനെ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവര്‍ ചൂഷണത്തിന് വിധേയമാകുമെന്ന്‌നോര്‍ക്ക മുന്നറിയിപ്പ് നല്‍കുന്നു. ഗള്‍ഫിലെത്തി ദുരിതത്തിലായ നൂറുകണക്കിനാളുകളെയാണ് നോര്‍ക്ക മുഖേനയും മറ്റും അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍