തീപിടിത്തം നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്‌സിന് ആത്യാധുനിക വാഹനം

കണ്ണൂര്‍:തീപിടിത്തം നിയന്ത്രിക്കുന്നതിന് അഗ്‌നിശമനസേനക്ക് അത്യാധുനിക സജ്ജീകരണത്തോടു കൂടിയ വാഹനങ്ങളെത്തി .ആധുനികവത്ക്കരണത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ജില്ലാ ആസ്ഥാനത്ത് വാട്ടര്‍ ബൗസര്‍,ഫോ ടെന്‍ഡര്‍ എന്നീ വാഹനങ്ങള്‍ അനുവദിച്ചത്. കണ്ണൂരില്‍ അഗ്‌നിശമന സേന ജില്ലാ ആസ്ഥാനത്താണ് വന്‍തീപിടിത്തത്തെ മറികടക്കാന്‍ സാധിക്കുന്ന ഈ രണ്ട് വാഹനങ്ങളുള്ളത്.
കഴിഞ്ഞ വര്‍ഷം 70 ലക്ഷം രൂപ വരെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അഗ്‌നിശമന സേനയ്ക്ക് അനുവദിച്ചിരുന്നു.വെള്ളിയാഴ്ച്ച വൈകീട്ടാണ് ഇരു വാഹനങ്ങളും കണ്ണൂര്‍ അഗ്‌നിശമന സേന ആസ്ഥാനത്ത് എത്തിയത്. കണ്ണൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനില്‍ അനുവദിച്ച വാട്ടര്‍ ബൗസര്‍,ഫോ ടെണ്ടര്‍ വാഹനങ്ങള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഫ്‌ലാഗ് ഓഫ് ചെയ്തു.റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ് .സുജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍.രാമകുമാര്‍,സ്റ്റേഷന്‍ ഓഫീസര്‍ കെ.വി ലക്ഷമണന്‍ എന്നിവര്‍ പ്രസംഗിച്ചു.12,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കുന്ന വാട്ടര്‍ ബൗസര്‍ വാഹനത്തില്‍ നിന്നും 1 മിനുറ്റില്‍ 4000 ലിറ്റര്‍ വെള്ളം പുറത്തേക്ക് തള്ളാന്‍ സാധിക്കും.പത്തും പതിനഞ്ചും സാധാരണ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ പുറത്ത് തള്ളുന്ന വെള്ളം മൂന്ന് മിനുറ്റില്‍ ഒരു വാട്ടര്‍ബൗസറില്‍ നിന്നും പുറത്ത് വിടാം.ഏറെ വേഗത ഉള്ളതിനാല്‍ തന്നെ വന്‍തീപിടിത്തങ്ങള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും.പമ്ബും ,ഫിക്‌സഡ് മോണിറ്ററും വാട്ടര്‍ ബൗസര്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടാകും.
ഇന്ധന ചോര്‍ച്ചയും മറ്റും സംഭവിച്ചാല്‍ വെള്ളത്തിനോടൊപ്പം ഇന്ധന ചോര്‍ച്ചയെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കൂടി വെള്ളത്തിനോടൊപ്പം വരുന്ന സംവിധാനമുള്ള വാഹനമാണ് ഫോ ടെന്‍ഡര്‍.അഗ്‌നിശമന സേനയുടെ ചെറിയ വാഹനത്തില്‍ 500 ലിറ്റര്‍ വെള്ളമാണ് സംഭരിക്കാന്‍ സാധിക്കുന്നത്.മിനി വാട്ടര്‍ ടാങ്കറില്‍ 3000 ലിറ്റര്‍ വെള്ളവും സാധാരണ ഫയര്‍ എന്‍ഡനില്‍ 4000 ലിറ്റര്‍ വെള്ളവും സംഭരിക്കാം.സാധാരണ വാഹനത്തില്‍ 20 മിനുറ്റ് വരെ വെള്ളം പുറത്ത് വിടാന്‍ സാധിക്കുമെങ്കില്‍ വാട്ടര്‍ ബൗസര്‍,ഫോ ടെന്‍ഡര്‍ വാഹനങ്ങളില്‍ നിന്നും ഒരു മണിക്കൂര്‍ വരെ വെള്ളം പുറത്ത് വിടാം. ജില്ലയിലെ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ഘട്ടങ്ങളിലായി പുതിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നുണ്ട്.ഇനി വാഹനം പരിചയപ്പെടുത്തുന്ന ക്ലാസ് മാത്രമാണ് ലഭിക്കേണ്ടത്.അടുത്ത ദിവസങ്ങളിലായി അതിനാവശ്യമായ ക്ലാസ് ലഭ്യമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍