പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിന് ഊന്നല്‍ : രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിന്റെ നയപ്രഖ്യാപനം

ന്യൂഡല്‍ഹി: പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിന് ഊന്നല്‍ കൊടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ ബന്ധം ശക്തമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. 
രാഷ്ട്രീയതാത്പര്യങ്ങള്‍ നിറഞ്ഞതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. വ്യക്തമായ ജനവിധിയാണ് ഇത്തവണത്തേത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും രാഷ്ട്രപതി പറഞ്ഞു. ജനജീവിതം സുഗമവും സുരക്ഷിതമാക്കുകയാണു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു കോവിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു. സ്ത്രീ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ദേഹം അഭിനന്ദിച്ചു.
കര്‍ഷകക്ഷേമം ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. 13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. 2022നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷിക മേഖലയില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന തരത്തിലാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 26 ലക്ഷം നിര്‍ധനരോഗികള്‍ക്ക് ചികിത്സ എത്തിക്കും. വിദൂരമേഖലകളില്‍ ഉള്ളവര്‍ക്കും മരുന്നുകളെത്തിച്ച് നല്‍കുമെന്നും ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മത്സ്യത്തൊഴിലാളികള്‍ക്കായി നീലവിപ്ലവം കൊണ്ടുവരും. ആദിവാസിക്ഷേമം സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമാണെന്നും രാഷ്ട്രപതി വിശദീകരിച്ചു.രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജലസംരക്ഷണം ഗൗരവമേറിയ വിഷയമാണ്. വരുംതലമുറയ്ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖല ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കു സര്‍ക്കാരിന്റെ പ്രഥമ പരിഗണന നല്‍കും. മുത്തലാക്ക് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം' സൂക്തം രാഷ്ട്രപതി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍