ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ വര്‍ഷം കൂടി ബിജെപി അധ്യക്ഷസ്ഥാനത്തു തുടരും.ബിജെപി സംസ്ഥാന നേതാക്കളുടെയും ദേശീയ ജനറല്‍ സെക്രട്ടറിമാരുടെയും ഇന്നലെ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ഇക്കാര്യം അറിയിച്ചത്.കേരളം ഉള്‍പ്പെടെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍കൂടി പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും പാര്‍ട്ടി അംഗത്വത്തില്‍ 20 ശതമാനം വര്‍ധന വേണമെന്നുമാണ് അമിത്ഷാ നേതാക്കളോട് ഇന്നലെ ആവശ്യപ്പെട്ടത്. പതിനഞ്ചു കോടി അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കി. അംഗത്വ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ ദേശീയ വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ സമിതി രൂപവല്‍കരിച്ചു. കേരളത്തിലെ ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, ഒഡീഷയില്‍നിന്നുള്ള എംപി സുരേഷ് പൂജാരി, രാജസ്ഥാന്‍ മുന്‍ അധ്യക്ഷന്‍ അരുണ്‍ ചതുര്‍വേദി എന്നിവരും സമിതിയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍