കരിനിയമങ്ങളില്‍ ഇളവില്ല; ലങ്കയില്‍ അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം കൊണ്ടുവന്ന ശക്തമായ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും അയവുവരുത്തുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചത്. അടിയന്തരാവസ്ഥ പുറപ്പെടുവിക്കാനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതായി സിരിസേന പറഞ്ഞു. സംശയമുള്ളവരെ ഏതുസമയത്തും കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വയ്ക്കാനും പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന നിയമം ഇന്ന് പിന്‍വലിക്കാനിരിക്കെയാണ് പുതിയ നീക്കം. ഈസ്റ്റര്‍ദിന ഭീകരാക്രമണവുമയി ബന്ധപ്പെട്ട് 10 സ്ത്രീകള്‍ അടക്കം നൂറിലധികം പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ മെയ് മാസം ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളോട് രാജ്യ സുരക്ഷാ സാഹചര്യം 99 ശതമാനം സാധാരണ നിലയിലേക്ക് എത്തിയതായും ജൂണ്‍ 22 ഓടെ കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തലസ്ഥാനത്തെ സുരക്ഷാ സംവിധാനത്തില്‍ അയവ് വരുത്താന്‍ സിരിസേന തയാറായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍