കോണ്‍ഗ്രസ് കര്‍ണാടക ഘടകം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ജനതാദള്‍കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമായതോടെ കോണ്‍ഗ്രസ് കര്‍ണാടക ഘടകം പിരിച്ചുവിട്ടു. പിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡന്റും തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ അറിയിച്ചു. 
മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ സംസ്ഥാനനേതാക്കള്‍ക്കെതിരേ മുതിര്‍ന്ന നേതാവ് ആര്‍. റോഷന്‍ ബെയ്ഗ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബെയ്ഗിനെ സസ്‌പെന്‍ഡ് ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ബെയ്ഗ് ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെയാണു സംസ്ഥാനഘടകം അപ്പാടെ പിരിച്ചുവിട്ട് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് വന്നത്.
താഴെത്തട്ടില്‍ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള അവസരമാണിതെന്ന് ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ച് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. 
കേന്ദ്രതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക്, ജില്ലാതല ഭാരവാഹികളെ ഉടന്‍ തീരുമാനിക്കും. സംഘടനാചുമതലയുള്ള എഐസിസി നേതാവ് കെ.സി. വേണുഗോപാലുമായി ആശയവിനിമയം നടത്തി കെപിസിസിയും പുനഃസംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ഥ സേവനം കാഴ്ചവച്ചവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്നും പിസിസി അധ്യക്ഷന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍