കൊച്ചി മെട്രോ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്ക്...

കൊച്ചി:കൊച്ചി മെട്രോ എസ്എന്‍ ജംക്ഷനില്‍നിന്നു തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്കു ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നു നഗരസഭ ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്താവും മെട്രോ സ്റ്റേഷന്റെ ടെര്‍മിനലും. പുതിയ ബസ് സ്റ്റേഷനും മെട്രോയും റെയില്‍വേ സ്റ്റേഷനും ഒന്നിച്ചു വരുന്നതോടെ ഗതാഗത മേഖലയില്‍ തൃപ്പൂണിത്തുറയുടെ മുഖഛായ തന്നെ മാറ്റാന്‍ പദ്ധതിക്കു കഴിയും. എസ്എന്‍ ജംക്ഷനില്‍നിന്നു റിഫൈനറി റോഡിലൂടെ മില്‍മ ഡെയറിക്കു മുന്നിലെത്തി മേല്‍പാലം കുറുകെ കടന്നു റെയില്‍വേ ലൈനിനു വലതു ഭാഗത്തു കൂടെയാവും റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനലിലേക്കു മെട്രോ കടന്നുപോകുക. പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലൂടെ മെട്രോ പാളവും നിര്‍മിക്കും. ഇതോടെ കാര്യമായ ചെലവില്ലാതെ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാം. എസ്എന്‍ ജംക്ഷന്‍ – തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ലൈനും പേട്ട– എസ്എന്‍ ജംക്ഷന്‍ ലൈനും കെഎംആര്‍എല്‍ നേരിട്ടു നിര്‍മിക്കും. ആലുവ മുതല്‍ പേട്ട വരെ മാത്രമേ ഡിഎംആര്‍സിയുടെ നിര്‍മാണ മേല്‍നോട്ടം ഉള്ളൂ. ആലുവയില്‍നിന്നു മെട്രോ നിലവില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് പകുതിയോടെ മെട്രോ തൈക്കൂടത്തേക്കും അടുത്ത ഫെബ്രുവരിയില്‍ പേട്ടയിലേക്കും സര്‍വീസ് തുടങ്ങും. ഇതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവുമെങ്കിലും അതിന്റെ തുടര്‍ച്ചയായി മെട്രോ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെ ദീര്‍ഘിപ്പിക്കാന്‍ നിര്‍മാണോദ്ഘാടന വേളയില്‍ തന്നെ തീരുമാനമായിരുന്നു. പിന്നീട് ഇതിനു സര്‍ക്കാര്‍ അനുമതിയും ലഭിച്ചു. ഇതനുസരിച്ചുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. പേട്ട മുതല്‍ എസ്എന്‍ ജംക്ഷന്‍ വരെ 1.2 കിലോമീറ്ററുണ്ട്. 2 സ്റ്റേഷനുകള്‍. പേട്ടയില്‍ പുതിയ പാലം നിര്‍മിക്കും. ഇതിനെല്ലാമായി 359 കോടി രൂപയാണ് ചെലവ്. 2.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. ഇതിനകം ഏറ്റെടുത്ത ഭൂമിയില്‍ റോഡ് നിര്‍മാണത്തിനു സെഗ്യൂറോ ഫൗണ്ടേഷന്‍സ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. പേട്ട– എസ്എന്‍ ജംക്ഷന്‍ റോഡ് വികസനത്തിനു സര്‍ക്കാര്‍ 123 കോടി രൂപ നേരത്തേ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍