മാജിക് പ്ലാനറ്റില്‍ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് തറക്കല്ലിട്ടു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനായി മാജിക് പ്ലാനറ്റില്‍ ഒരുക്കുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് മന്ത്രി കെ.കെ. ശൈലജ തറക്കല്ലിട്ടു. ഭിന്നശേഷിക്കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായ 100 കുട്ടികളെ കണ്ടെത്തി അവര്‍ക്കിഷ്ടമുള്ള വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി മാജിക് അക്കാഡമിയുമായി സഹകരിച്ച് ആവിഷ്‌കരിക്കും. ഇത്തരമൊരു സംരംഭം ലോകത്തില്‍ തന്നെ ആദ്യമാണ്. സെന്ററിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് മുതുകാട് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അനുയാത്ര പദ്ധതിയുടെ ഭാഗമായി മാജിക് പ്ലാനറ്റില്‍ പരിശീലനം ലഭിച്ച 23 ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലരും ഇന്ന് അക്കാഡമിയിലെ ജീവനക്കാരായി സ്വന്തമായി വരുമാനം ഉണ്ടാക്കുന്നുവെന്ന് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇവരുടെ മാനസിക നിലവാരത്തില്‍ തന്നെ ഗണ്യമായ പുരോഗതിയുണ്ടെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തി പദ്ധതി വിഭാവനം ചെയ്തത്. ഒക്‌ടോബര്‍ 31ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, യു.എന്‍ റിക്കവറി കോ ഓര്‍ഡിനേറ്റര്‍ ജോബ് സക്കറിയ, സി.ഡി.സി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്ബര്‍ മൃദുല്‍ ഈപ്പന്‍, മാജിക് അക്കാഡമി ഡയറക്ടര്‍മാരായ ചന്ദ്രസേനന്‍ മിതൃമ്മല, ആര്‍. രാജമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ മിഷന്‍, യുണിസെഫ് എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷി കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കും. റെഡ് ഫോര്‍ട്ട്, വിമാനം, മാജിക് ഒഫ് നാച്വര്‍, മരം, കല്‍മണ്ഡപം, നാലുകെട്ട് എന്നീ മാതൃകകളില്‍ 6 വേദികളാണ് സെന്ററില്‍ നിര്‍മ്മിക്കുന്നത്. എല്ലാ ജില്ലകളിലും നടത്തുന്ന ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലേഴ്‌സ്, സ്‌പെഷ്യല്‍ അദ്ധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍