മതപ്രതീകങ്ങളെ അവഹേളിക്കുന്നത് സര്‍ക്കാര്‍ നയമല്ല: മന്ത്രി ബാലന്‍

ന്യൂഡല്‍ഹി: മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാഡമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഈ വിഷയം പുനപരിശോധിക്കാന്‍ ലളിതകലാ അക്കാഡമിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ല. ലളിതകലാ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അക്കാഡമി ചുമതലപ്പെടുത്തുന്ന കമ്മറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്. കെ. കെ.സുഭാഷ് വരച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കാര്‍ട്ടൂണില്‍ ഫ്രാങ്കോയെ ചിത്രീകരിച്ചതിനോട് സര്‍ക്കാര്‍ വിയോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍ അദ്ദേഹത്തെ പൊതുസമൂഹത്തിനു മുന്നില്‍ വരച്ചു കാട്ടാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയില്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ചിട്ടുള്ളതിനോടാണ് സര്‍ക്കാരിന് വിയോജിപ്പുള്ളത്.മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ല. കഴിഞ്ഞ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം മുഖ്യമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് അവാര്‍ഡ് വിതരണം ചെയ്തതും. തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുമായി ഈ അവാര്‍ഡിന് ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍