പൊതുവിദ്യാലയങ്ങള്‍ നാടിന്റെ യശസ്: പൊതുവിദ്യാഭ്യാസ സെക്രട്ടറി

 ചവറ : പൊതുവിദ്യാലയങ്ങള്‍ നാടിന്റെ യശസാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍. തേവലക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പ്രതിഭകളെയും അനുമോദിക്കുതിനായി അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കാദമികവും കലാപരവുമായ കഴിവുകളിലൂടെ വളര്‍ന്നു വരുന്ന പുതുതലമുറയെ കാത്ത് സൂക്ഷിക്കാന്‍ പൊതു സമൂഹത്തിന് ബാധ്യതയുണ്ട്. അത് നിര്‍വഹിയ്ക്കപ്പെടണം. പോലീസ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആശങ്ക പ്രകടിപ്പിക്കുന്ന പോലെ സ്‌കൂള്‍ കേന്ദ്രീകരിച്ച് വലിയ ഒരു വിഭാഗം ലഹരി മാഫിയകള്‍ കുട്ടികളെ വലയിലാക്കാന്‍ ശ്രമിക്കുന്നു. അതിന് സ്‌കൂളുകളില്‍ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണത്തിനനുസരിച്ച് 20 ല്‍ കുറയാത്ത കുട്ടികളുടെ പ്രത്യേകം പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് ഒരു അധ്യാപകനോ അധ്യാപികയ്‌ക്കോ ചുമതല തീരുമാനിച്ച് നിരന്തരം കുട്ടികളും രക്ഷകര്‍ത്താക്കളുമായുള്ള ബന്ധം സ്ഥാപിച്ച് ഇത് പരിഹരിക്കാന്‍ കഴിയും.തേവലക്കര പഞ്ചായത്തില്‍ നിവാസികളായ ഫുള്‍ എ പ്ലസ് വാങ്ങിയ എസ്എസ്എല്‍സി, പ്ലസ്ടു കുട്ടികളേയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ വാങ്ങിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ്, കരുനാഗപ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി, ശരീര സൗന്ദര്യ മത്സരത്തില്‍ ജൂനിയര്‍ സെക്കന്‍ഡ് റണ്ണറപ്പായ മൃദുല്‍ വി അനില്‍, നൂറ് ശതമാനം നികുതി പിരിവ് പൂര്‍ത്തീകരിച്ച എല്‍ഡി ക്ലാര്‍ക്ക് മാര്‍, പ്രേരക്മാര്‍ മാജിക്കില്‍ വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിച്ച മജിഷ്യന്‍ സലിം അക്ഷര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.ഷിഹാബ് അധ്യക്ഷത വഹിച്ചു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് റഷീദാ നാസര്‍ , സ്ഥിരം സമിതി അധ്യക്ഷന്‍ രാജേഷ് കുമാര്‍, ജോസ് ആന്റണി, പ്രിയങ്ക, സുജാതന്ദ്രന്‍, പ്രസന്നകുമാരി, കൃഷ്ണകുമാര്‍, മോഹനക്കുട്ടന്‍, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് താഹ എന്നിവര്‍ പ്രസംഗിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍