മഴയെത്തിയതോടെ വെള്ളച്ചാട്ട മേഖലയില്‍ സഞ്ചാരികളുടെ തിരക്ക്

ആലക്കോട്: കുളിരണിയുന്ന കോട മഞ്ഞും കുളിര്‍ക്കാറ്റും തേടി മലയോരത്തെ വെള്ളച്ചാട്ടങ്ങളിലേക്ക് സന്ദര്‍ശക പ്രവാഹം. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കനത്ത മഴയേയും അവഗണിച്ച് നൂറു കണക്കിന് സഞ്ചാരികളാണ് വൈതല്‍ക്കുണ്ട് , ഏഴരക്കുണ്ട് , ജാനകിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിയത് . കൂടാതെ കൂര്‍ഗ് ബോര്‍ഡര്‍ അതിര്‍ത്തിയായ വായിക്കമ്പ പുഴയോരത്തും മഞ്ഞപ്പുല്ലിലും സഞ്ചാരികളുടെ തിരക്കാണ്. ജലസമൃദ്ധമായ വായിക്കമ്പപുഴ , കാപ്പി മല, വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടം, മഞ്ഞപ്പുല്ല്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഉദയഗിരി പഞ്ചായത്തിലെ കര്‍ണാടക വനാതിര്‍ത്തിയായ വായിക്കമ്പ മാറിയത്. വായിക്കമ്പ പുഴ കടുത്ത വേനല്‍ ചൂടില്‍ വരെ ഇവിടെ എത്തുന്നവര്‍ക്ക് ആശ്രയമായിരുന്നു. വനത്തില്‍നിന്ന് ഉത്ഭവിച്ചു നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെ ശബ്ദവും സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഏതു തരത്തിലുള്ള വാഹനങ്ങള്‍ക്കും ഈ വെള്ളച്ചാട്ടങ്ങള്‍ക്ക് തൊട്ട് അടുത്ത് വരെ എത്താമെന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് പോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്. സഞ്ചാരികള്‍ സ്വയംസുരക്ഷ ശ്രദ്ധിക്കണമെന്നും കാഴ്ചകള്‍ ആസ്വദിക്കാന്‍ സാഹസികതയില്‍ ഏര്‍പ്പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രദേശങ്ങളിലെ തണുപ്പ് ആസ്വദിക്കാകാന്‍ എത്തുന്നവരും ധാരാളം ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍