വിമാനത്താവള സ്വകാര്യ വത്കരണം: മുന്‍ പരിചയം കണക്കിലെടുത്തില്ല

ന്യൂഡല്‍ഹി: തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ഇതുവരെ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ലേലത്തില്‍ പരിഗണിച്ചത് ഉയര്‍ന്ന തുക ക്വട്ടേഷന്‍ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയടക്കം നിര്‍ണായക ജോലികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കുമെന്നും എം.പിമാരായ കെ.മുരളീധരനും ടി.എം പ്രതാപനും വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ്പുരി നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് ലഭിച്ച വിവരം മറുപടിയില്‍ ഇല്ല.
കരാര്‍ ലഭിച്ചത് വിമാനത്താവള മേഖലയില്‍ മുന്‍ പരിചയമുള്ള കമ്ബനിയാക്കാണോ എന്ന ചോദ്യത്തിന് , യാത്രക്കാരുടെ ഫീസ് അടിസ്ഥാനത്തില്‍ ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് ബിഡ് നടത്തിപ്പ് കൈമാറുന്നതാണ് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ രീതിയെന്ന് മന്ത്രി മറുപടി നല്‍കി. കേരള സര്‍ക്കാരും പ്രത്യേക കമ്പനി വഴി ലേലത്തില്‍ പങ്കെടുത്തെന്നും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ കമ്പനികളെ നടത്തിപ്പ് ഏല്‍പ്പിക്കുമ്പോഴുള്ള ആശങ്കകള്‍ കണക്കിലെടുത്ത് സുരക്ഷാ, കസ്റ്റംസ്, ഇമിഗ്രേഷന്‍, മൃഗസസ്യ പാലനം, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ മേഖലകളുടെ ചുമതല സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും. കമ്മ്യൂണിക്കേഷന്‍ നാവിഗേഷന്‍ സര്‍വീസ്(സി.എന്‍.എസ്), എയര്‍ട്രാഫിക് കണ്‍ട്രോള്‍ തുടങ്ങിയവ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ തന്നെ നിര്‍വഹിക്കും.
2018 നവംബര്‍ എട്ടിനാണ് തിരുവനന്തപുരം, അഹമ്മദാബാദ്, ജയ് പൂര്‍, ലക് നൗ, ഗുവാഹതി, മംഗലാപുരം വിമാനത്താവള നടത്തിപ്പില്‍ സ്വകാര്യവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍പോര്‍ട്ട് അതോറിട്ടിക്ക് സ്വകാര്യവത്കരണം വഴി 1,300 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുള്ള ലേലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി പങ്കെടുത്തെങ്കിലും വാഗ്ദാനം ചെയ്ത പരിഗണന ലഭിച്ചില്ല.
കൊച്ചി, കണ്ണൂര്‍ വിമാനത്താവള നടത്തിപ്പില്‍ പരിചയമുള്ള സംസ്ഥാന സര്‍ക്കാരിനെ പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചിരുന്നു. 
മറ്റു വിമാനത്താവളങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തും കരാര്‍ ലഭിച്ചത് അദാനി ഗ്രൂപ്പിനാണെങ്കിലും ലേല നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും ലോക് സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയില്ല. 
ജൂലായില്‍ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ഉത്തരവിറങ്ങുമെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍