നിരാശയില്‍ ആഭ്യന്തര കാര്‍ വിപണി

വാഹന വിപണിക്ക് ഇതെന്തുപറ്റി ഏതാനും മാസങ്ങളായി വില്പന കിതയ്ക്കുകയാണ്. 17.07 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞമാസത്തെ കണക്കുകളും വാഹന നിര്‍മ്മാതാക്കളെ ഞെട്ടിക്കുകയാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ നിര്‍ണയത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ വാഹന വില്പന കുറയുന്നത് സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ചില്‍ ജി.ഡി.പി അഞ്ചുവര്‍ഷത്തെ താഴ്ചയായ 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.നടപ്പു സാമ്പത്തിക വര്‍ഷത്തെ (201920) ആദ്യപാദമായ ഏപ്രില്‍ജൂണിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വാഹന വിപണിയില്‍ നിന്നുള്ള കണക്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ വില്പന മേയില്‍ 22 ശതമാനം ഇടിഞ്ഞു. വില്പനയില്‍ മാരുതി ഇത്ര വലിയ ഇടിവ് കുറിയ്ക്കുന്നത് അപ്രതീക്ഷിതവും ഏറെക്കാലത്തിന് ശേഷം ആദ്യവുമാണ്. 1.34 ലക്ഷം യൂണിറ്റുകളുടെ വില്പനയാണ് മേയില്‍ മാരുതി കുറിച്ചത്. 2018 മേയില്‍ വില്പന 1.72 ലക്ഷം യൂണിറ്റുകളായിരുന്നു. ആഭ്യന്തര വില്പന 23.1 ശതമാനവും കയറ്റുമതി 2.4 ശതമാനവും കുറഞ്ഞു.ടാറ്റാ മോട്ടോഴ്‌സ് നേരിട്ട വില്പനയിടിവ് 26 ശതമാനമാണ്. 54,290 യൂണിറ്റുകളില്‍ നിന്ന് 40,155ലേക്കാണ് ഇടിവ്. കയറ്റുമതിയില്‍ 58 ശതമാനവും വാണിജ്യ വാഹന വില്പനയില്‍ 20 ശതമാനവും നഷ്ടം കമ്പനിക്കുണ്ടായി. ടാറ്റയുടെ 29,329 വാണിജ്യ വാഹനങ്ങള്‍ മേയില്‍ പുതുതായി നിരത്തിലെത്തി. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ വില്പന 36,806 യൂണിറ്റുകളായിരുന്നു. മറ്റൊരു ആഭ്യന്തര കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്പന നഷ്ടം മൂന്നു ശതമാനം. വില്പന 46,848ല്‍ നിന്ന് 45,421 യൂണിറ്റുകളായി കുറഞ്ഞു. കയറ്റുമതിയില്‍ 21.9 ശതമാനം ഇടിവുണ്ടായി. വാണിജ്യ വാഹന വില്പന 18,748ല്‍ നിന്ന് 17,879 യൂണിറ്റുകളായും കുറഞ്ഞു.ഹോണ്ടയുടെ വില്പന 27.87 ശതമാനം ഇടിഞ്ഞു. 15,864 യൂണിറ്റുകളില്‍ നിന്ന് 11,442 യൂണിറ്റുകളിലേക്കാണ് വില്പന താഴ്ന്നത്. ടൊയോട്ട 6.2 ശതമാനവു നഷ്ടം നേരിട്ടു. ആഭ്യന്തര വിപണിയില്‍ മാത്രം നഷ്ടം 7.4 ശതമാനമാണ്. അതേസമയം, ടൂവീലര്‍ വിപണിയില്‍ നിന്ന് ആശ്വാസക്കണക്കുകളെത്തി. ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞമാസം 13.5 ശതമാനം നേട്ടമുണ്ടാക്കി. ഏപ്രിലിലെ 5.7 ലക്ഷത്തില്‍ നിന്ന് 6.5 ലക്ഷം യൂണിറ്റുകളിലേക്ക് മേയില്‍ ഹീറോ വില്പന മെച്ചപ്പെടുത്തി.ഉപഭോക്താക്കള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം, തിരഞ്ഞെടുപ്പ് കാലം, എന്‍.ബി.എഫ്.സികളിലെ പ്രതിസന്ധിമൂലം വായ്പാ വിതരണത്തിലുണ്ടായ കുറവ് എന്നിവയാണ് വാഹന വില്പനയ്ക്ക് തിരിച്ചടിയാകുന്നത്. മികച്ച മണ്‍സൂണ്‍ ലഭ്യമായാല്‍ ഗ്രാമീണ (കാര്‍ഷിക) സമ്പദ്സ്ഥിതി മെച്ചപ്പെടും. ഇത്, ഉപഭോക്തൃ വിപണിക്ക് ഗുണമാകും. എന്‍.ബി.എഫ്.സി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകേണ്ടതും അനിവാര്യമാണ്. വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും നിര്‍മ്മാതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍