സ്വര്‍ണത്തിന്റെ ജിഎസ്ടി കുറഞ്ഞു; കടപരിശോധന നടത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സ്വര്‍ണത്തില്‍ നിന്നുള്ള ജിഎസ്ടി വരുമാനം കുറഞ്ഞെന്നും നികുതി തിരിച്ചു പിടിക്കാന്‍ കടപരിശോധ നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി വരുമാനത്തില്‍ ഞെട്ടിപ്പിക്കുന്ന കുറവാണ് ചില മേഖലകളില്‍ ഉണ്ടായിരിക്കുന്നത്. വാറ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് 630 കോടി രൂപയാണ് സ്വര്‍ണത്തില്‍നിന്നുള്ള നികുതിയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 272 കോടി രൂപയായി കുറഞ്ഞു. സ്വര്‍ണത്തിന് ഇങ്ങനെ നികുതി കുറയേണ്ട കാര്യമില്ല. സ്വര്‍ണത്തിന് പുറമെ ടൈലില്‍ നിന്നുള്ള നികുതി 337 ല്‍ നിന്നു 157 കോടി രൂപയായി കുറഞ്ഞു. 160 കോടിയുണ്ടായിരുന്ന മാര്‍ബിളില്‍നിന്നുള്ള നികുതി 95 കോടി രൂപയായും പുകയില ഉത്പന്നങ്ങളില്‍നിന്നുള്ള നികുതി 879 കോടിയില്‍ നിന്നും 312 കോടി രൂപയായും കുറഞ്ഞു. ഇതിന്റെ കാരണം അനധികൃതമായ ഇന്‍പുട്ട് ക്രെഡിറ്റാണോ വില്‍പ്പന കുറച്ചു കാണിക്കുന്നതാണോ എന്ന് അറിയണമെങ്കില്‍ വാര്‍ഷിക റിട്ടേണ്‍ കിട്ടണം. അത് അടുത്ത മാസം കിട്ടാന്‍ പോകുന്നതേയുള്ളൂ. അതുവരെ നികുതി ചോര്‍ച്ച കണ്ടുപിടിച്ചു പരിഹരിക്കാന്‍ കഴിയില്ല.വാര്‍ഷിക റിട്ടേണ്‍ വന്നാല്‍ അതു പരിശോധിച്ച് അനര്‍ഹമായി ഇന്‍പുട്ട് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ അതു തിരിച്ചു പിടിക്കും. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. ഇനി കാത്തുനില്‍ക്കില്ല. കൃത്യമായ പരിശോധനകളിലേക്കു നീങ്ങും. സ്വര്‍ണത്തില്‍നിന്നുള്ള നികുതി കുറഞ്ഞത് കണ്ടുപിടിക്കാന്‍ ചില നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് കടകളും സ്റ്റോക്കും പരിശോധിക്കാന്‍ കഴിയും. പരിശോധനയ്ക്ക് നേതൃത്വം നല്‍കാന്‍ ഐആര്‍എസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചോര്‍ന്നു പോയ നികുതിയില്‍ നല്ലൊരു ശതമാനവും തിരിച്ചു പിടിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ 80 ശതമാനവും ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഈ 80 ശതമാനം ഉല്‍പന്നങ്ങളും 80 വഴികളിലൂടെയാണ് സംസ്ഥാനത്തെത്തുന്നത്. ഇവേ ബില്‍ സംവിധാനം ഇനിയും കാര്യക്ഷമമായിട്ടില്ല. പുറത്തുനിന്ന് സാധനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനുമായി എല്ലാ വഴികളിലും ക്യാമറകള്‍ സ്ഥാപിക്കും. ഇതിനായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍