മീന്‍പിടിത്തക്കാര്‍ ലൈഫ് ജാക്കറ്റ് ധരിക്കുന്നില്ല; രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് അധികൃതര്‍

തിരുവനന്തപുരം:കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍പ്പോലും മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍രക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ വൈമുഖ്യം. ഇതേത്തുടര്‍ന്ന് ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഉടമകളില്‍നിന്ന് പിഴയീടാക്കാനും തീരുമാനിച്ചതായി ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
ശക്തമായ തിരയില്‍പ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. പുതിയതുറ സ്വദേശി നസിയാന്‍സിനെയും അഞ്ചുതെങ്ങ് സ്വദേശി കാര്‍ലോസിനെയുമാണ് തിരയില്‍പ്പെട്ട് കാണാതായത്. കാര്‍ലോസിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി. ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നുവെങ്കില്‍ ഇവരെ രക്ഷപ്പെടുത്താനാകുമായിരുന്നുവെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.പൊഴിയൂര്‍ മുതല്‍ വര്‍ക്കല ഇടവ വരെയുളള 22 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഇതുവരെ 6000 ലൈഫ് ജാക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു വള്ളത്തിന് നാലുമുതല്‍ അഞ്ചുവരെ ലൈഫ് ജാക്കറ്റുകളാണ് നല്‍കിയത്. ഇവരില്‍നിന്ന് ഗുണഭോക്തൃവിഹിതമായി 250 രൂപയും അധികൃതര്‍ ഈടാക്കിയിരുന്നു. എന്നാല്‍ വാങ്ങിപ്പോയതല്ലാതെ ഒരു തൊഴിലാളിയും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുകയോ വള്ളത്തില്‍ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.തീരക്കടലിലും ആഴക്കടലിലും മറൈന്‍ എന്‍ഫോഴ്‌സ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിത്. ലൈഫ് ജാക്കറ്റിന്റെ വിതരണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍