അബ്ദുള്ളക്കുട്ടിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനം വാഗ്ദാനമെന്ന് അഭ്യൂഹം

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി ബി.ജെ.പിയിലേക്ക് ചാടാന്‍ നില്‍ക്കുന്ന എ.പി. അബ്ദുള്ളക്കുട്ടിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി സൂചന. ബി.ജെ.പിയില്‍ സജീവമാകുന്നതോടെ സ്ഥാനം നല്‍കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.
അതേസമയം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഞ്ചേശ്വരത്ത് മത്സരിക്കാന്‍ താത്പര്യമില്ലെന്നും അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 
ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തുന്നതോടെ സംഘടനയ്ക്ക് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ബി.ജെ.പിയില്‍ അംഗത്വം ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെയൊന്നും സമീപിക്കാതെ നേരെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്. 
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തില്‍ ചിലര്‍ അബ്ദുള്ളക്കുട്ടിയെ സംഘടനയില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വമാണ് അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍