കരുനാഗപ്പള്ളിയില്‍ വന്‍ തീപിടിത്തം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കോട്ടക്കുഴി സൂപ്പര്‍ മാക്കറ്റിലും സ്മാര്‍ട്ട് ഫാന്‍സി സെന്ററിലും ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്വകാര്യ ആശുപത്രിയുടെ ജനലുകള്‍ക്ക് തീപിടിച്ചെങ്കിലും ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലാണ് ആശുപത്രിയിലേക്ക് തീ പടരാതെ കാത്തത്. ഓപ്പറേഷന് വിധേയരായ 27 രോഗികളെ താലൂക്ക് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കനത്ത പുക ആശുപത്രിയിലേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുലര്‍ച്ചെ 2.25 ഓടെയാണ് സ്മാര്‍ട്ട് ഫാന്‍സി സ്റ്റെന്ററില്‍ നിന്ന് തീ ഉയരുന്നത് കണ്ടെതെന്ന് ഹൈവേയില്‍ പട്രോളിംഗ് നടത്തിയിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വി.പ്രസന്നന്‍ പറഞ്ഞു. ഉടന്‍ കരുനാഗപ്പള്ളി ഫയര്‍ ഫോഴ്‌സിനും പൊലീസിനും വിവരം കൈമാറി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സക്കറിയ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥത്തെത്തി തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ആദ്യം ആശുപത്രിയിലേക്ക് തീ പടരാതിരിക്കാനാണ് പരിശ്രമിച്ചത്. ഇതോടൊപ്പം കരുനാഗപ്പള്ളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സഹായത്തോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണ വിധയമല്ലെന്ന് മനസിലാക്കിയതോടെ കൊല്ലം ഫയര്‍ ഓഫീസറെ വിവരം അറിയിച്ചു. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് 15 ഓളം ഫയര്‍ യൂണിറ്റുകളും 100 ഓളം ഫയര്‍മാന്മാരും സംഭവ സ്ഥലത്തെത്തി. ഈ സമയം പൊലീസ് ദേശീയപാത വഴി വന്ന വാഹനങ്ങള്‍ ഗതി തിരിച്ചുവിട്ടു. ഗ്യാസുമായി വന്ന ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതോടെ ടൗണ്‍ പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലായി. 15 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് ഫയര്‍മാന്‍മാര്‍ നിരന്തരമായി പരിശ്രമിച്ചതിന്റെ ഫലമായി 3.30 ഓടെ തീ നിയന്ത്രണ വിധേയമായി. തുടര്‍ന്ന് ഒരു വിഭാഗം ഫയര്‍മാന്‍മാര്‍ മറ്റിടങ്ങളിലേക്ക് തീ ആളിപ്പടരാതിരിക്കാന്‍ വെള്ളം ചീറ്റിച്ചുക്കൊണ്ടിരുന്നു. ഒരു വിഭാഗം കടകളുടെ ഷട്ടര്‍ പൊളിച്ച് അടത്തു കടന്ന് തീ അണയ്ക്കാന്‍ ആരംഭിച്ചു. രാവിലെ 7 ഓടെയാണ് തീ പൂര്‍ണമായും കെടുത്താന്‍ കഴിഞ്ഞത്. വിശാലമായ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധനങ്ങളും കത്തി ചാമ്പലായി. പെരുന്നാളും സ്‌കൂള്‍ തുറപ്പിനുമായി ബന്ധപ്പെട്ട് കോടികളുടെ സാധനങ്ങളാണ് ഇരു കടകളിലും സൂക്ഷിച്ചിരുന്നത്. കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു. രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം തീ അണയ്ക്കുന്നതിന് ഉപയോഗിക്കേണ്ടി വന്നെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ജെ.ഹരികുമാര്‍ പറഞ്ഞു. ചവറ കെ.എം.എം.എല്‍ കമ്പനിയാണ് ആവശ്യത്തിന് വെള്ളം നല്‍കിയത്. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ ജെ.ഹരികുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ഷാജി, സക്കറിയാ അഹമ്മദ്കുട്ടി, സാബുലാല്‍, പ്രസന്നന്‍പിള്ള, കരുനാഗപ്പള്ളി എ.സി.പി അരുണ്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍