റഷീദ് ഖാനെ കളിയാക്കിയ ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ക്രിക്കറ്റര്‍മാര്‍

ലണ്ടന്‍: ഇംഗ്ലണ്ട്അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് മത്സരം റിക്കാര്‍ഡുകളുടെ പെരുമഴയാണ് ഒഴുക്കിയത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്‌കോറും (397/6), റിക്കാര്‍ഡുകള്‍ തകര്‍ത്ത ഇയോന്‍ മോര്‍ഗന്റെ 17 സിക്‌സ് (ഏകദിനത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍) എന്നിങ്ങനെ പല റിക്കാര്‍ഡുകളും പിറന്നു. ഒരു ബൗളറും ആഗ്രഹിക്കാത്ത റിക്കാര്‍ഡ് അഫ്ഗാന്റെ സ്പിന്നര്‍ റഷീദ് ഖാന്റെ പേരിലായി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന പേര് റഷീദ് ഖാന്‍ സ്വന്തമാക്കി. ഒമ്പത് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്. 11 സിക്‌സുകളും ഖാന്‍ വഴങ്ങി. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും റഷീദ് ഖാന്റെ പേരിലായി. കൂടാതെ 100ലേറെ റണ്‍സ് വഴങ്ങിയ ആദ്യ സ്പിന്നറെന്ന പേരും ഈ ഇരുപതുകാരനിലായി. ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ബൗളറില്‍നിന്നാണ് ഇത്തരത്തിലുള്ള നാണംകെട്ട റിക്കാര്‍ഡുണ്ടായത്. 
റഷീദ് ഖാനെയും അഫ്ഗാനിസ്ഥാനെയും വിമര്‍ശിച്ചാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തത്. റഷീദ് ഖാന്‍ അഫ്ഗാനിസ്ഥാനായി ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയതായി ഞങ്ങള്‍ കേട്ടു. 56 പന്തില്‍ 110; അതിശയം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബൗളര്‍. നന്നായി ബാറ്റ് ചെയ്തു എന്നാണ് ട്വീറ്റ്.ഇതിനെതിരേ ലോകത്തെ പല ക്രിക്കറ്റര്‍മാരും രംഗത്തെത്തി. മോശം ട്വീറ്റ് എന്നാണ് ഇംഗ്ലണ്ടിന്റെ ലൂക്ക് റൈറ്റ് വിശേഷിപ്പിച്ചത്. തമാശ കണ്ടെത്തുന്നതിനു പകരം ബഹുമാനിക്കാന്‍ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റഷീദ് ഖാന്‍ ലോക നിലവാരമുള്ള ബൗളറാണ്. ആ ബൗളിംഗ് മനോഹരവുമാണ്. കളിയില്‍ എല്ലാവര്‍ക്കും മോശം ദിവസമുണ്ടെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന ട്വീറ്റെന്നാണ് ഐസ്‌ലന്‍ഡ് ട്വീറ്റിനെ മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി വിശേഷിപ്പിച്ചത്. പോസിറ്റീവായി മുന്നോട്ടുപോകാന്‍ അദ്ദേഹം റഷീദ് ഖാനെ ഉപദേശിച്ചു. ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി എന്നിവരും ഐസ്‌ലന്‍ഡിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍