മലയാളം സര്‍വകലാശാല ഭൂമി വിവാദം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ക്രമക്കേടില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.
സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലുള്ള 2016ലെ റിപ്പോര്‍ട്ടിന് അടിയന്തര പ്രധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാല്‍ ഉത്തരവ് ഇറങ്ങിയത് ഈ മാസം മൂന്നിനാണെന്നും സ്ഥലമെടുപ്പില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വിഷയം അടിയന്തരപ്രാധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുന:പരിശോധിക്കണമെന്നും സ്പീക്കര്‍ ഈ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കര്‍ നിഷേധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍ മാറ്റംവരുത്തിയില്ല. ഇതോടെയാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍